വനിതകളുടെ പ്രശ്നം എല്ലാ മേഖലയിലും ഒരുപോലെ: ജി. പൂങ്കുഴലി
1461366
Wednesday, October 16, 2024 3:37 AM IST
കൊച്ചി: തൊഴിലിടങ്ങളിലും ജീവിതത്തിലും സ്ത്രീകളും പുരുഷന്മാരും നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളികളാണെന്നും ഏത് തൊഴില്‍ മേഖലയിലും സ്ത്രീകളുടെ പ്രശ്നം ഏറെക്കുറെ ഒരു പോലെയാണെന്നും കോസ്റ്റല്‍ പോലീസ് എഐജി ജി. പൂങ്കുഴലി. കേരള പത്രപ്രവര്‍ത്തക യൂണിയന് 60-ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് 'ജോലിയും ജീവിതവും സ്ത്രീകള്‍ പറയുന്നു' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയും വനിതാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിവാഹ ശേഷം സ്ത്രീകളിലേക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നു ചേരും. ഒപ്പം വെല്ലുവിളികളും വര്‍ധിക്കും. തൊഴില്‍ മേഖലയിലും ജീവിതത്തിലും ഉയര്‍ച്ച നേടണമെങ്കില്‍ ടൈം മാനേജ്മെന്റ് സ്കില്‍ സ്ത്രീകള്‍ക്ക് വളരെ പ്രധാനമാണെന്നും ഒരോ ദിവസവും എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ പ്ലാനിംഗ് അനിവാര്യമാണെന്നും ജി. പൂങ്കുഴലി പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ എറണാകുളം പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എന്‍.കെ. സ്മിത അധ്യക്ഷത വഹിച്ചു.
സെന്റ് തെരേസാസ് കോളജ് വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ സുചിത, കെയുഡബ്ല്യുജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍, ബീന റാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.