മെട്രോ റെയിൽ രണ്ടാംഘട്ട നിർമാണം; ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് യാത്രക്കാർ
1460888
Monday, October 14, 2024 4:07 AM IST
കാക്കനാട് : മെട്രോ റെയിൽ രണ്ടാംഘട്ട നിർമാണം ആരംഭിക്കും മുൻപ് കെഎംആർഎൽ അധികൃതർ അനുബന്ധ സർവീസ് റോഡുകളിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താത്തതുമൂലം വാഹന യാത്രക്കാർ തീരാ ദുരിതത്തിൽ.
ആലിൻചുവടു മുതൽ കാക്കനാട് വരെ ഞെങ്ങിഞെരുങ്ങിയാണ് ഓരോ വാഹനങ്ങളും കടന്നുപോകുന്നത്. മെട്രോ റയിൽ അധികാരികൾ നിലവിലുള്ള റോഡിന്റെ ഭൂരിഭാഗവും ആറടിയിലേറെ ഉയരത്തിൽ തകരഷീറ്റുകൊണ്ടു മറച്ചിരിക്കുകയാണ്. സ്വകാര്യ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്തതിനാൽ വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. മെട്രോ റയിൽ കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകളിൽ സർവീസ് റോഡുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
ചെമ്പുമുക്ക്, വാഴക്കാല,പടമുകൾ, എൻജിഒ ക്വാർട്ടേഴ്സ് വഴി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. കാക്കനാട്ടെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മുതൽ മീഡിയ അക്കാദമി ജംഗ്ഷനു സമീപം വരുന്ന മെട്രോ സ്റ്റേഷൻവരെ ആകാശപാത നിർമിക്കുന്ന കാര്യം തൃക്കാക്കര ഡവലപ്മെന്റ് ഫോറം അധികൃതരുമായി മെട്രോ റെയിൽ എംഡി ലോക്നാഥ് ബഹ്റയുടെ സാന്നിധ്യത്തിൽ ഒരു കൊല്ലം മുൻപ് ചർച്ച നടത്തിയിരുന്നെങ്കിലും പദ്ധതിച്ചെലവ് അധികമായതിനാൽ പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു.
കളക്ടറേറ്റ് ജംഗ്ഷൻവഴി മെട്രോ റയിൽ കടന്നുപോകുമ്പോൾ സ്റ്റേഷന്റെയും, അനുബന്ധ നിർമാണങ്ങളുടേയും പണി നടക്കുന്നതിനിടയിൽ രണ്ടു സർവീസ് റോഡുകളാണ് ബ്ലോക്കായി നിൽക്കുന്നത്.
രണ്ടു സർവീസ് റോഡുകളുടേയും അലൈൻമെന്റ് സംബന്ധിച്ച വിശദമായ രൂപരേഖ മെട്രോ റയിൽ അധികൃതർക്ക് നൽകിയിട്ടും സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ കെഎംആർഎൽ സ്വീകരിക്കുന്നില്ലെന്ന് തൃക്കാക്കര ഡവലപ്പ്മെന്റ് ഫോറം ജനറൽ കൺവീനർ എം.എസ്. അനിൽകുമാർ പറഞ്ഞു. മെട്രോ റയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലുള്ള 37 റോഡുകളിൽ 22 റോഡുകളും തൃക്കാക്കര നിയമസഭാമണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇൻഫോപാർക്ക്, സിറ്റി മേഖലയുമായി ബന്ധപ്പെട്ട് 10 കിലോമീറ്റർ ചുറ്റളവിലുള്ള് റോഡുകൾ നവീകരിക്കുന്നതുവഴി ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാവുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.