മീമ്പാറ-തിരുവാണിയൂർ റോഡിൽ : സ്കൂട്ടർ കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്ക്
1460725
Saturday, October 12, 2024 4:11 AM IST
കോലഞ്ചേരി: പിഡബ്ല്യുഡി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മീമ്പാറ-തിരുവാണിയൂർ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കുറിഞ്ഞിയിൽ നിന്ന് മീമ്പാറയ്ക്കുള്ള വഴിയിൽ അച്ചൻപടി ബസ്സ് സ്റ്റോപ്പിന് സമീപത്തെ വളവിലെ കുഴിയിൽ വീണാണ് സ്കൂട്ടറിന് പുറകിൽ യാത്ര ചെയ്യുകയായിരുന്ന പൂതൃക്ക സ്വദേശിനിയായ വീട്ടമ്മ സൂസന് പരിക്കേറ്റത്. കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണംവിട്ടതോടെ പുറകിലിരുന്നിരുന്ന സൂസൻ നിലത്ത് വീഴുകയായിരുന്നു. വലത് കാൽ മുട്ടിനും ഇടത് കൈയ്ക്കും പുറം തോളിനും ആഴത്തിൽ മുറിവേറ്റ സൂസൻ ചികിൽസയിൽ തുടരുകയാണ്.
ഇതിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടിയതുമൂലം റോഡിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു.പൊട്ടിയ പൈപ്പ് വാട്ടർ അഥോറിറ്റി നന്നാക്കിയെങ്കിലും കുഴി പൂർണമായും മൂടാതിരുന്നതാണ് നിലവിൽ റോഡിൽ വലിയ കുഴി രൂപപ്പെടാൻ കാരണമായത്.
വളവിലുള്ള കുഴിയായതിനാൽ കുഴി പലപ്പോഴും തൊട്ട് മുന്നിൽ എത്തുമ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുക. കുഴി ഒഴിവാക്കി യാത്ര ചെയ്യാനായി പെട്ടെന്ന് വെട്ടിക്കുന്നതും അപകടത്തിൽ കലാശിക്കാറുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.