കലൂര്‍ മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തിയായി: ജിസിഡിഎ
1460386
Friday, October 11, 2024 3:35 AM IST
കൊച്ചി: കലൂര്‍ മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ജിസിഡിഎ അറിയിച്ചു. നവീകരണ പൂര്‍ത്തീകരണ പ്രഖ്യാപനം 18ന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
നഗരവാസികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു മാര്‍ക്കറ്റ് എന്ന ആവശ്യം കണക്കിലെടുത്ത് ജിസിഡിഎ കഴിഞ്ഞ വര്‍ഷമാണ് മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നെങ്കിലും ഭാഗികവും പരിമിതവുമായ വിപണന പ്രവര്‍ത്തനങ്ങളായിരുന്നു നടന്നിരുന്നത്. മികച്ച രൂപകല്പനയിലുള്ള കെട്ടിടം പലവിധ കാരണങ്ങളാല്‍ സമ്പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് മാര്‍ക്കറ്റ് നവീകരിക്കാമെന്ന തീരുമാനത്തിലെത്തിയത്.
കലൂര്‍ മണപ്പാട്ടിപറമ്പിനടുത്ത് സ്ഥിതി ചെയ്യുന്ന 40,000 ചതുരശ്ര അടിയോളം വിസ്തീര്‍ണമുള്ള ആധുനിക രൂപകല്പനയിലുള്ള രണ്ടുനില കെട്ടിടത്തിന്റെ നവീകരണം 5.87 കോടി രൂപ ചെലവഴിച്ച് സിഎസ്എംഎല്‍ സഹകരണത്തോടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഇറച്ചി, മത്സ്യം, പഴം/ പച്ചക്കറി (അനുബന്ധ ഉത്പന്നങ്ങള്‍/പലചരക്ക്) എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ഇടങ്ങള്‍ തന്നെ മാര്‍ക്കറ്റിന്റെ താഴത്തെ നിലയില്‍ ഒരുക്കിയിട്ടുണ്ട്.
മാര്‍ക്കറ്റിന്റെ മുഖഭാഗത്തും ഉള്‍വശത്തുമായി ആകെ 84 കടമുറികളും പ്രവര്‍ത്തനസജ്ജമാണ്. ലിഫ്റ്റ് സൗകര്യവും കോണിപ്പടികളുമുണ്ട്. മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന 1.3 ഏക്കറോളം ഭൂമിയില്‍ മാര്‍ക്കറ്റിന് മുന്‍വശത്തും ചുറ്റുവശങ്ങളിലുമായി 60ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. ഉറവിടത്തില്‍ തന്നെ മാലിന്യസംസ്കരണം സാധ്യമാകുന്ന സംവിധാനം കലൂര്‍ മാര്‍ക്കറ്റിനായി ജിസിഡിഎ ഒരുക്കും.