റോ-റോ ജങ്കാറിന് അടിക്കടി തകരാർ; സേതുസാഗർ-2 വീണ്ടും കട്ടപ്പുറത്ത്
1460224
Thursday, October 10, 2024 7:24 AM IST
വൈപ്പിൻ: ഫോർട്ടുകൊച്ചി-വൈപ്പിൻ റൂട്ടിൽ റോ-റോ ജങ്കാറുകളിൽ ഒന്ന് വീണ്ടും പണിമുടക്കി. ഇതോടെ ഈ റൂട്ടിൽ ഒരു ജങ്കാർ മായത് യാത്രക്കാർക്ക് ദുരിതമായി. സേതു സുഗർ-2 എന്ന ജങ്കാർ എൻജിൻ തകരാറിനെ തുടർന്ന് ചൊവ്വാഴ്ച മുതലാണ് സർവീസ് നിർത്തിവച്ചത്. ജങ്കാറിന്റെ തകരാർ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും എപ്പോൾ ശരിയാകുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
സ്റ്റിയറിംഗ് തകരാറിനെ തുടർന്ന് ആഗസ്റ്റ് മുതൽ ഒരു മാസം സർവീസ് നിർത്തിവച്ച സേതു സാഗർ-2 സെപ്റ്റംബർ പകുതിയോടെയാണ് സർവീസ് ആരംഭിച്ചത്. ഇതിനു ശേഷം സ്റ്റാർട്ടർ തകരാറിലായി വീണ്ടും കട്ടപ്പുറത്തായി. ഈ തകരാറും പരിഹരിച്ച് സർവീസ് പുനരാരംഭിച്ചിട്ട് ഇപ്പോൾ ഒരാഴ്ചയോളമായുള്ളു.
ഇതിനിടയിലാണ് വീണ്ടും തകരാറിലായി സർവീസ് നിർത്തി വച്ചിരിക്കുന്നത്. ഈ റൂട്ടിൽ അടിക്കടി ജങ്കാർ തകരാറിലായി സർവീസ് മുടങ്ങുക ഇപ്പോൾ പതിവാണത്രേ.
ഇതിനാൽ യാത്രക്കാർ നിത്യ ദുരിതത്തിലാണെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ചൂണ്ടിക്കാട്ടി. മൂന്നാമത്തെ ജങ്കാറിന് പണം അനുവദിച്ചിട്ടും ഇതുവരെ നിർമാണമാരംഭിക്കാത്തത് കൊച്ചിൻ കോർപറേഷന്റെ അവഗണനയാണെന്നും കാലഹരണപ്പെട്ട ജങ്കാറിനു പകരം സർവീസിനിറക്കാൻ പുതിയ ജങ്കാറിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും ജനകീയ കൂട്ടായ്മ ചെയർമാൻ മജ്നു കോമത്ത് കൺവീനർ ജോണി വൈപ്പിൻ എന്നിവർ ആവശ്യപ്പെട്ടു.