ദേശീയ പാതയോരത്തെ പാർക്കിംഗ്; അപകടമരണങ്ങൾ ഏറുന്നു
1460020
Wednesday, October 9, 2024 8:19 AM IST
പനങ്ങാട്: ദേശീയ പാതയോരത്ത് നിർത്തിയിടുന്ന ലോറികൾ മറ്റു യാത്രക്കാരുടെ അന്തകനായി മാറുന്നു. ദേശീയ പാതയിൽ വീതി കൂടിയ ഭാഗങ്ങൾ എവിടെയെങ്കിലുമുണ്ടെങ്കിൽ അവിടെ റോഡരിക് ചേർന്ന് നിർത്തിയിടുന്ന കൂറ്റൻ ലോറികളാണ് രാത്രികാലങ്ങളിലും പൊതുവെ ഗതാഗത തിരക്ക് കുറഞ്ഞ സമയങ്ങളിലും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്.
ഹൈവേയിലൂടെ അതിവേഗം വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോഴാണ് മുന്നിൽ വാഹനം നിർത്തിയിട്ടതായി മനസിലാക്കുന്നത്. അപ്പോഴേയ്ക്കും രക്ഷാ മാർഗങ്ങളടഞ്ഞ അവസ്ഥയായിരിക്കും ഡ്രൈവർമാർ നേരിടുക. വലിയ ഷോറൂമുകളിലേയ്ക്കും മറ്റും വരുന്ന കണ്ടെയ്നർ ഉൾപ്പെടെയുള്ള ലോറികളാണ് ഇത്തരത്തിൽ റോഡരികിൽ പാർക്ക് ചെയ്യുന്നത്.
കട ഉടമകൾ പാർക്കിംഗിന് മതിയായ സൗകര്യം ഏർപ്പെടുത്താത്തതാണ് ഇതിന് ഒരു കാരണമാകുന്നത്. കുമ്പളം ടോൾ പ്ലാസയോട് ചേർന്ന് റോഡരികിൽ ലോറികൾ നിർത്തിയിടുന്നത് നിരോധിച്ച് റോഡിൽ തടസങ്ങൾ വെച്ചിട്ടുണ്ടെങ്കിലും അവ എടുത്തു മാറ്റി ലോറികളും മറ്റും നിർത്തിയിടുന്നതും പതിവാണ്. നെട്ടൂരിലും ഇത്തരത്തിൽ ലോറികളുടെ അനധികൃത പാർക്കിംഗ് വ്യാപകമാണ്. കുറച്ചു നാൾ മുൻപും കുമ്പളം ടോളിനടുത്ത് നിർത്തിയിട്ട ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറി തൃശൂർ സ്വദേശി മരിച്ചിരുന്നു.