അങ്കമാലി ഡിസ്റ്റിൽ മികവിന്റെ ഉത്സവമായി ദക്ഷ് ' 24 നു തിരിതെളിഞ്ഞു
1459724
Tuesday, October 8, 2024 7:36 AM IST
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയിലെ(ഡിസ്റ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ദക്ഷ് '24 നു വര്‍ണാഭമായ തുടക്കം. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് ബോബി ചെമ്മണ്ണൂര്‍ (ബോച്ചെ) ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഡിസ്റ്റ് പ്രിന്‍സിപ്പല്‍ റവ.ഡോ.ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു. ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്തുന്നതിനുള്ള ദൗത്യത്തില്‍ പിന്നണി പോരാളിയായി പ്രവര്‍ത്തിച്ച ലോറി ഉടമ അബ്ദുള്‍ മനാഫിനെ ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് എജിഎം മാര്‍ക്കറ്റിംഗ് റെബി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജൂബീറിച്ച് സ്റ്റഡീസ് മാനേജിംഗ് ഡയറക്ടര്‍ റിച്ചി ജസ്റ്റി, ജൂബീറിച്ച് കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റി ജസ്റ്റി എന്നിവര്‍ വിശിഷ്ടാതിഥികളായി . ഡിസ്റ്റ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു മാളിയേക്കല്‍, സ്കൂള്‍ ഓഫ് മാനേജ്മെന്റ് വിഭാഗം ഡയറക്ടര്‍ ജിയോ ബേബി, ദക്ഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍ രചന പി.നായര്‍, ദക്ഷ് ചെയര്മാന് ആല്‍ഫ്രഡ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ചുള്ള മത്സരങ്ങളിലെ വിജയികൾക്കു രണ്ടര ലക്ഷം രൂപയാണു സമ്മാനത്തുക. കേരളത്തിനകത്തും പുറത്തുമുള്ള നൂറോളം കോളജുകളില്‍ നിന്നായി രണ്ടായിരത്തോളം മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നുണ്ട്.
ബെസ്റ്റ് മാനേജ്മെന്റ് ടീം, ബെസ്റ്റ് മാനേജര്‍, ബിസിനസ് പ്ലാന്‍, എച്ച്ആര്‍ ഗെയിം, മാര്‍ക്കറ്റിംഗ് ഗെയിം, ഫിനാന്‍സ് ഗെയിം, ബിസിനസ് ക്വിസ്, ട്രഷര്‍ ഹണ്ട്, ഫുട്ബോള്‍, കോര്‍പറേറ്റ് വാക്ക് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ജുബീറിച്ചുമായി സഹകരിച്ചു നടത്തുന്ന ദക്ഷ് '24 ന്റെ മീഡിയ പാർട്ണർ ദീപികയാണ്.
വിജയകഥകൾ പങ്കുവച്ചു കൈയടി നേടി ബോച്ചെ
അങ്കമാലി: സ്വതസിദ്ധമായ ശൈലിയിലുള്ള സംഭാഷണം കൊണ്ടും മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പങ്കുവച്ചും ദക്ഷ്' 24 ഉദ്ഘാടനവേദിയെ 'ബോച്ചെ' കൈയിലെടുത്തു. പ്രസംഗത്തേക്കാള്‍ വിദ്യാര്‍ഥികളുമായുള്ള സംവാദമാണ് താല്പര്യമെന്ന് വ്യക്തമാക്കിയ ബോച്ചെ അവരുടെ ചോദ്യങ്ങള്‍ക്ക് ആധികാരികമായ മറുപടിയും നല്കി.
എന്റെ പരാജയവും വിജയവുമാണ് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നതെന്ന മുഖവുരയോടെയായിരുന്നു തുടക്കം. വിജയത്തിന്റെ രഹസ്യം എന്താണെന്നുള്ള ചോദ്യത്തിന് ഏതു കാര്യവും നേടിയെടുക്കുന്നതു വരെ പരിശ്രമിക്കാനുള്ള മനസും ആത്മവിശ്വാസവുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് മാര്‍ക്കറ്റിംഗില്‍ താന്‍ രൂപപ്പെടുത്തിയ പല തന്ത്രങ്ങളുമാണ് ഇന്നു പല വന്‍കിട ഗ്രൂപ്പുകളും പിന്തുടരുന്നത്.
അപകര്‍ഷതാബോധം മാറ്റിവച്ച് കഠിനാധ്വാനം ചെയ്യാന്‍ തയാറാകണം. ഒന്നിനെയും ഭയപ്പെടാതെ അഭിമുഖീകരിക്കുക എന്നത് ഏറെ പ്രധാനമാണ്. ഭയം നമ്മെ ശാരീരികമായും മാനസികമായും തകര്‍ക്കും. എല്ലാവര്ക്കും കഴിവുകളും കുറവുകളും ഉണ്ട്. കഴിവുകളെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകണം. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ബിസിനസ് ചെയ്യാന്‍ താല്പര്യമുള്ളവര്ക്കായി ബോച്ചെ ഗ്രൂപ്പ് അവസരമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്വന്തം ലേഖകൻ