കേബിളില്‍ കുരുങ്ങി പരിക്കേറ്റ സംഭവം: കെഎസ്ഇബി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
1459723
Tuesday, October 8, 2024 7:36 AM IST
കൊച്ചി: വൈദ്യുത പോസ്റ്റില്‍ കേബിള്‍ വലിക്കാന്‍ അനുമതി നല്കിയിട്ടുണ്ടെങ്കില് അതിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കെഎസ്ഇബി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. കളമശേരി ഇഖറ മസ്ജിദ് ഇമാമിന് കെഎസ്ഇബി പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന കേബിളില്‍ കുരുങ്ങി പരിക്കേറ്റ സംഭവത്തിലാണ് കമ്മീഷന്റെ നിര്‍ദേശം.
കെഎസ്ഇബി ആലുവ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. അനധികൃതമായി സ്ഥാപിച്ച കേബിള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.
കേബിളിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ കളമശേരി എസ്എച്ച്ഒ അയച്ച കത്തിന് കെഎസ്ഇബി അധികൃതര്‍ 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. 17ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.