സ്വകാര്യ ബസിലെ അതിക്രമം : ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍
1459444
Monday, October 7, 2024 4:56 AM IST
കൊച്ചി: സ്വകാര്യ ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും കണ്ടക്ടറെ മര്‍ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന മൂന്നു പ്രതികള്‍ പിടിയിലായി.
വൈപ്പിന്‍ വളപ്പ് സ്വദേശി എം.എസ്. സനീഷ് (29), ചേരാനെല്ലൂര്‍ കച്ചേരിപ്പടി സ്വദേശി അരുള്‍ സെബാസ്റ്റ്യന്‍ (25), കുന്നുംപുറം സ്വദേശി പി.ജെ. ജിതീഷ് (27) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസില്‍ പുതുവൈപ്പ് സ്വദേശി ജോബി ജോസഫ്, കാക്കനാട് സ്വദേശി ഷാജി എന്നിവർ സംഭവ ദിവസം തന്നെ പിടിയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാക്കനാട് പെരുമ്പടപ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാന എന്ന ബസിലായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്ന അഞ്ചംഗ ക്രിമിനല്‍ സംഘം കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ബസില്‍ കയറിയത്.
യാത്ര തുടങ്ങി ഏറെ വൈകാതെ ഇവര്‍ കഞ്ചാവ് ബീഡി വലിക്കുകയും സ്കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു.
ഇതു ചോദ്യം ചെയ്ത ബസ് കണ്ടക്ടറെ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ ബസ് ഓടിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനു മുന്നിൽ എത്തിച്ചു. ഈ സമയം പോലീസിനെ കണ്ട് അഞ്ചംഗ സംഘം ബസിനുള്ളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഓടിയ പോലീസിന് സംഘത്തിലെ രണ്ടു പേരെയാണ് അന്ന് പിടികൂടാനായത്.