തൃപ്പൂണിത്തുറയിൽ തെരുവുനായയെ ഹെൽമറ്റിന് അടിച്ചുകൊന്നു
1459007
Saturday, October 5, 2024 4:48 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രണ്ട് യുവാക്കൾ ചേർന്ന് ഒരു തെരുവ് നായയെ ഹെൽമെറ്റ് കൊണ്ട് അടിച്ചു കൊന്നു. ഒട്ടേറെ ആളുകൾ നോക്കി നിൽക്കെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.
അടുത്തുള്ള കടയ്ക്കു മുന്നിൽ കച്ചവടക്കാരൻ നായകൾക്കായി പാത്രത്തിൽ വെച്ചിരുന്ന വെള്ളം നായ കുടിച്ചു കൊണ്ടിരിക്കെ സ്കൂട്ടറിലെത്തിയ യുവാക്കൾ വണ്ടിയിൽ നിന്നിറങ്ങി ഹെൽമറ്റുപയോഗിച്ച് നായയെ തുടരെ അടിക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ പറഞ്ഞു. താമസിയാതെ തന്നെ നായ ചത്തു.
നായയെ കൊല്ലാനുള്ള കാരണം അറിയില്ലെന്നും സംഭവത്തിനു ശേഷം യുവാക്കൾ സ്കൂട്ടറോടിച്ചു പോയതായും സ്റ്റാൻഡിലെ കച്ചവടക്കാർ പറഞ്ഞു. സ്റ്റാൻഡിനരികിലിട്ട നായയുടെ ജഡം പിന്നീട് അവിടെ നിന്നും മാറ്റി. ഒരു സ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.