യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1458779
Friday, October 4, 2024 3:59 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹൈക്കോടതി പരിസരത്തുനിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കമ്മീഷണര്‍ ഓഫീസിന് സമീപത്തുവച്ച് പോലീസ് ബാരിക്കേഡ് ഉപയോച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് ജയിക്കാന്‍ കളമൊരുക്കിയ പിണറായി ആര്‍എസ്എസിന്റെ ഇംഗിതത്തിനനുസരിച്ചാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അഭിമുഖത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണ്. തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്നത് സംഘ്പരിവാര്‍ സ്നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ പി.എ. സലിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. സുബൈര്‍, ട്രഷറര്‍ പി.എം.നാദിര്‍ഷ തുടങ്ങിയവര്‍ പങ്കെടുത്തു.