മണിമലക്കുന്ന് ഗവ. കോളജ് ആദ്യ സർക്കാർ ഗ്രീൻ കാന്പസ്
1458572
Thursday, October 3, 2024 3:25 AM IST
തിരുമാറാടി : മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ കാന്പസായി മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവ കോളജിനെ പ്രഖ്യാപിച്ചു. അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി. തിരുമാറാടി പഞ്ചായത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് അധ്യക്ഷത വഹിച്ചു. കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിത ക്യാന്പസ് നാടിനു നൽകിയാണ് ജനകീയ കാന്പയിന് തുടക്കം കുറിച്ചത്.
തിരുമാറാടി പഞ്ചായത്ത്, ഹരിതകേരളം മിഷൻ, മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവ. കോളജ് എൻഎസ്എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നേട്ടം കൈവരിക്കാൻ സാധിച്ചത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലനം, ജൈവ വൈവിധ്യം, കൃഷി, ഊർജ സംരക്ഷണം, ജല സുരക്ഷ, ഹരിത പെരുമാറ്റ ചട്ടം,
മറ്റു അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനത്തിൽ നടത്തിയ ഗ്രേഡിംഗിൽ എ പ്ലസ് നേടിയാണ് കോളജ് അംഗീകാരം നേടിയത്. ക്യാന്പസിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ പ്രവർത്തനം, പച്ചത്തുരുത് എന്നിവ നിർമിച്ചു പരിപാലിക്കുന്നുണ്ട്. കാന്റീനിലെ ജൈവ മാലിന്യം ഉൾപ്പെടെ സംസ്കരിക്കുന്നത്തിനായി ബയോ ഗ്യാസ് പ്ലാന്റും ഇവിടെയുണ്ട്. പഞ്ചായത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.