ഇഎസ്എ; വിഷയം കൂടുതൽ സങ്കീർണമാകുന്നെന്ന് കിഫ
1458570
Thursday, October 3, 2024 3:25 AM IST
കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ദുർബല പ്രദേശ നിർണയവുമായി ബന്ധപ്പെട്ട് (ഇഎസ്എ) കൂടുതൽ സങ്കീർണമാകുകയാണെന്ന് കിഫ ജില്ലാ കമ്മിറ്റി. ഹൈകോടതി നാല് വരെ തുടർ നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ജൂലൈ 31ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനപ്രകാരം സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന മാപ്പുകൾ സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതും പൊതുജനത്തിന് പരാതികൾ നൽകുന്നതിന് നോട്ടിഫിക്കേഷൻ പ്രകാരമുള്ള സമയപരിധി അവസാനിച്ചതും മാപ്പുകളിൽ വ്യക്തത ഇല്ലാതിരുന്നതും ഇഎസ്എയിൽ ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങൾക്ക് പകരം ആ വില്ലേജ് മുഴുവനായും ഉൾക്കൊള്ളുന്ന മാപ്പ് പ്രസിദ്ധീകരിച്ചതുമായിരുന്നു കോടതി സ്റ്റേ അനുവദിക്കാനുള്ള പ്രധാന കാരണങ്ങൾ.
നാലിന് സത്യവാഗ്മൂലം ഫയൽ ചെയ്യുന്നതിന് കഴിഞ്ഞ് 28ന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വെബ്സൈറ്റിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ മാപ്പുകൾ പ്രശ്നം കൂടുതൽ സങ്കീർണമാക്കി. ഒരു ഫയലിൽ തന്നെ പച്ച വരകളിൽ വിജ്ഞാപനപ്രകാരമുള്ള അതിർത്തിയെന്നും, മറ്റൊരു ഫയലിൽ മഞ്ഞ വരകളിൽ നിർദിഷ്ട ഇഎസ്എ എന്നും മാർക്ക് ചെയ്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു.
ജൂലൈ 31ലെ വിജ്ഞാപനത്തിൽ കേരളത്തിന്റെ മാപ്പോ, ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളുടെ ജിയോ കോ ഓർഡിനേറ്ററോ പറയാതെ പച്ച നിറത്തിൽ അതിർത്തി മാർക്ക് ചെയ്ത് വിജ്ഞാപന പ്രകാരമുള്ള മാപ്പാണെന്ന് പറഞ്ഞിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കി.
എന്നാൽ പഞ്ചായത്തുകൾ ജൂണ് മാസത്തിൽ കൊടുത്ത തിരുത്തലുകൾ ഒരു മാപ്പിലും പ്രതിഫലിച്ചിട്ടില്ല. എറണാകുളം ജില്ലയിൽ കുട്ടന്പുഴ വില്ലേജ് മാത്രമേ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളു.
പഞ്ചായത്ത് ആദ്യം മുതൽ ഇക്കാര്യത്തിൽ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തിയെങ്കിലും ഇതുവരെയും ആശങ്കകൾ പരിഹരിക്കാനായില്ല. യാതൊരു ആത്മാർഥതയുമില്ലാതെ ജനങ്ങളിൽ ആശങ്കപരത്തുന്ന നിരുത്തരവാദപരമായ നടപടികളിൽനിന്നും സർക്കാർ പിൻതിരിയണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.