ഫണ്ട് നല്‍കാതെ സര്‍ക്കാര്‍; റോഡ് നന്നാക്കാതെ കെഎംആര്‍എല്‍
1458557
Thursday, October 3, 2024 3:01 AM IST
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടം ആരംഭിച്ചത് മുതല്‍ തടസങ്ങളോട് തടസങ്ങളാണ്. സ്ഥലമേറ്റെടുക്കലിലെ എതിര്‍പ്പുകള്‍ തുടങ്ങി യാത്രക്കാരെ പൊരിവെയിലില്‍ നടുറോഡില്‍ കുടുക്കിയിടുന്ന ഗതാഗതക്കുരുക്കില്‍ വരെ എത്തി നില്‍ക്കുകയാണ് പ്രശ്നങ്ങള്‍. യാത്രക്കാരുടെയും പ്രദേശവാസികളുടേയും പ്രതിഷേധങ്ങളും ആവലാതികളും അധികൃതര്‍ കേള്ക്കുന്നേയില്ലെന്ന് ആക്ഷേപമുണ്ട്. പരാതിപ്പെട്ടാല്‍ പരസ്പരം പഴിചാരി കൈയൊഴിയുകയാണ് സര്‍ക്കാരും കെഎംആര്എല്ലുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഗതാഗതം തിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് പ്രശ്നം ഇത്ര രൂക്ഷമാകാന്‍ കാരണം. മെട്രോയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായി ഇടറോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതായിരുന്നു. പക്ഷെ പണികള്‍ നടത്താനായില്ല. സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് കാരണമായി കെഎംആര്‍എല്‍ പറയുന്നത്. അതേസമയം മെട്രോ പാത കടന്നുപോകുന്ന സിവില്‍ ലൈന്‍ റോഡിന്റെ വീതികൂട്ടല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ക്കാവശ്യമായ പണം പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
റോഡ് നവീകരണത്തിന് 7.50 കോടിയും ഡ്രെയ്നേജ് നവീകരണത്തിന് 2.50 കോടിയും ഉള്‍പ്പടെ 10 കോടി രൂപയാണ് കെഎംആര്‍എല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. വാഴക്കാല മൂലേപ്പാടം മണ്ണാടി പാലച്ചുവട് റോഡ്, വാഴക്കാല എന്‍ജിഒ, ഭാരതമാത റോഡ് തുടങ്ങിയ റോഡുകളുടെ നവീകരിക്കുന്നതിനായാണ് ഫണ്ട് ആവശ്യപ്പെട്ടത്. ഫണ്ട് മുടങ്ങിയതോടെ ഇത് കടലാസില്‍ മാത്രമായി.
മെട്രോ നിര്‍മാണം നടക്കുന്ന സിവില്‍ ലൈന്‍ റോഡില്‍ ഗതാഗതം നിയന്ത്രിക്കണമെങ്കില്‍ ഇടറോഡുകള്‍ ടാര്‍ ചെയ്യണം. പണം ലഭിക്കാത്തതിനാല്‍ റോഡ് നവീകരണം നടക്കുന്നില്ല. ബദല്‍ ഗതാഗത റൂട്ടുകള്‍ ഒരുക്കിയില്ലെങ്കില്‍ രണ്ടാം ഘട്ടത്തിലെ നിര്‍മാണം സജീവമാകുന്നതോടെ കാക്കനാട് സിവില്‍ലൈന്‍ റോഡ് ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടും.