കേബിള്‍ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി : ക്രമക്കേടെന്ന് പ്രതിപക്ഷം; ധനകാര്യ കമ്മിറ്റി അന്വേഷിക്കുമെന്ന് മേയർ
1458207
Wednesday, October 2, 2024 3:37 AM IST
കൊച്ചി: കോര്‍പറേഷനിലെ നാല് ഡിവിഷനുകളില്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന് കേബിള്‍ പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. നിലവില്‍ കോടികളുടെ കുടിശിക അടയ്ക്കാനിരിക്കെയാണ് കൗണ്‍സില്‍ അറിയാതെ 780 പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ 8.5 കോടി രൂപയ്ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്. ഇതില്‍ അഞ്ചു കോടി അവര്‍ അടച്ചിട്ടുമുണ്ട്.
കൗണ്‍സില്‍ അംഗീകരിച്ച നിബന്ധനകള്‍ നിലനില്‍ക്കെ അവയൊക്കെ മറികടന്ന് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ തീരുമാനം എടുത്തതിന് പിന്നില്‍ അഴിമതിയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടില്‍ ആവശ്യപ്പെട്ടു. മേയര്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോയതിനെയും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. എല്ലാ കാര്യങ്ങളും താന്‍ അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും ഇടപാട് സംബന്ധിച്ച് ധനകാര്യ കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മേയര്‍ നിര്‍ദേശിച്ചു.
താന്‍ അറിയേണ്ടതായ കാര്യങ്ങള്‍ മാത്രമേ താന്‍ അറിയാന്‍ ശ്രമിക്കുകയുള്ളു എന്നാണ് ആരോപണത്തിന് മറുപടിയായി മേയര്‍ കൗണ്‍സിലിനെ ധരിപ്പിച്ചത്. കരാറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ നടപടി സ്വീകരിക്കും. വരുമാന നഷ്ടമുണ്ടായാല്‍ അതു തിരിച്ചുപിടിക്കും. വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പുറത്തുനിന്നുള്ള ഏജന്‍സിയുടെ സഹായത്തോടെ സര്‍വേ നടത്താമെന്നും മേയര്‍ പറഞ്ഞു.
സുഗമ പോര്‍ട്ടലിലൂടെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷയുടെ കാര്യങ്ങള്‍ കൗണ്‍സില്‍ അറിയേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാലാണ് ഫയല്‍ കൗണ്‍സിലില്‍ കൊണ്ടുവരാതിരുന്നതെന്ന ഉദ്യോഗസ്ഥ വിശദീകരണത്തെയും ഭരണപക്ഷ കൗണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ് അടക്കം വിമര്‍ശിച്ചു.
ഡിവിഷന് കൗണ്‍സിലര്‍ക്ക് കത്ത് നല്‍കാതെയാണ് പോസ്റ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നത്. പോസ്റ്റുകള്‍ പെയിന്റ് ചെയ്യുകയോ ടാഗ് ചെയ്യുകയോ ഉണ്ടായിട്ടില്ല. അപേക്ഷ നല്‍കിയതിലും കൂടുതല്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതായും ആക്ഷേപം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.