രാജമാണിക്യം കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കി പുനരന്വേഷണം നടത്തണമെന്ന് കേരള യൂത്ത്ഫ്രണ്ട്-എം
1458205
Wednesday, October 2, 2024 3:37 AM IST
കൊച്ചി: രാജമാണിക്യം കമ്മീഷന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോതമംഗലം കീരംപാറ, കവളങ്ങാട്, നേര്യമംഗലം പഞ്ചായത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ റവന്യുവകുപ്പ് ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട്-എം ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വസ്തു വില്‍ക്കുന്നതിനോ കുട്ടികള്‍ക്ക് പഠനവായ്പ ലഭിക്കുന്നതിനോ ഇതുമൂലം സാധിക്കുന്നില്ല. അനുദിനം വര്‍ധിക്കുന്ന വന്യജീവികളുടെ ആക്രമണ പശ്ചാത്തലത്തില്‍ വനംവകുപ്പ് അടിയന്തര നടപികള് സ്വീകരിക്കണം. ആര്‍ആര്‍ടി ഗ്രൂപ്പിനെ നിലവില്‍ ഇല്ലാത്ത സ്ഥലങ്ങിൽ നിയമിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ ട്രഞ്ചു ഹാഗിംഗ് ഫെന്‍സിംഗും സ്ഥാപിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ജോജസ് ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്, ജോയി നടുക്കുടി, ടി.എ. ഡേവീസ്, എന്‍.സി. ചെറിയാന്, സാജന് തൊടുക, ജിജോ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.