തെരേസിയന്‍ സെന്റിനറി മാരത്തണ്‍ ആറിന്
1458199
Wednesday, October 2, 2024 3:37 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന തെരേസിയന്‍ സെന്റിനറി മാരത്തണ്‍ ആറിന് നടക്കുമെന്ന് കോളജ് മാനേജര്‍ സിസ്റ്റര്‍ ഡോ.വിനീത പത്രസമ്മേളനത്തില്‍ അറിയിച്ചു. 10 കിലോ മീറ്റര്‍ സെന്റിനറി റണ്‍, അഞ്ച് കിലോ മീറ്റര്‍ തെരേസിയന്‍ റണ്‍, മൂന്ന് കിലോ മീറ്റര്‍ ഫണ്‍ റണ്‍ എന്നീ വിഭാഗങ്ങളിലായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
സെന്റിനറി റണ്‍ രാവിലെ 5.30നും തെരേസിയന്‍ റണ്‍ ആറിനും ഫണ്‍ റണ്‍ 6.15നും ആരംഭിക്കും. സ്ത്രീ, പുരുഷ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 10000 രൂപയും രണ്ടാമതെത്തുന്നവര്‍ക്ക് 5000 രൂപയും ട്രോഫിയും സമ്മാനിക്കും. മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും മെഡലുകളും നല്‍കും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക. സെന്റ് തെരേസാസ് കോളജ് ആര്‍ട്സ് ബ്ലോക്കില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണിന്റെ ഔദ്യോഗിക ഉദ്ഘാടനം കോസ്റ്റല്‍ എഐജി പൂങ്കുഴലി നിര്‍വഹിക്കും. ജസ്റ്റീസ് പി.ഗോപിനാഥ്, ടി.ജെ.വിനോദ് എംഎല്‍എ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. രജിസ്ട്രേഷന് http://teresas.ac.in/marathon എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9846347475.
തെരേസിയന്‍ കര്‍മലീത്താ സഭ വല്ലാര്‍പാടത്ത് പുതുതായി പണിയഴിപ്പിച്ചു കൊണ്ടിരിക്കുന്ന അഗതിമന്ദിരമായ കാരുണ്യ നികേതന്റെ ധനശേഖരണാര്‍ഥമാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സജിമോള്‍ അഗസ്റ്റിന്, എം.എസ്.കല തുടങ്ങിയവര്‍ പങ്കെടുത്തു.