തോട്ടിൽ മൃതദേഹം
1458167
Tuesday, October 1, 2024 10:43 PM IST
ചോറ്റാനിക്കര: അടിയാക്കൽ തോട്ടിൽനിന്നു മൃതദേഹം കണ്ടെത്തി. വയനാട് സുൽത്താൻബത്തേരി തേറന്പിൽ കരുണാകരന്റെ മകൻ ഭാസ്കരന്റെ (60) മൃതദേഹമാണ് അടിയാക്കൽ പാലത്തിനടുത്തായി പുല്ലിൽ തങ്ങിനിൽക്കുന്ന നിലയിൽ ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി വള്ളക്കാരന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു.
തോട്ടിൽ കുളിക്കാനെത്തിയപ്പോൾ കാൽ വഴുതി വീണതാണെന്ന് കരുതുന്നു. രണ്ടുദിവസം മുൻപ് ഭാസ്ക്കരന്റെ ഇലക്ഷൻ തിരിച്ചറിയൽ കാർഡ് ഉൾപ്പെടുന്ന ബാഗ് അടിയാക്കൽ പാലത്തിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു.
ഇയാൾ ചോറ്റാനിക്കരയിലും കട്ടച്ചിറ തോട്ടിലും വന്ന് കുളിക്കുകയും പരിസര പ്രദേശങ്ങളിലൂടെ നടന്നു പോകുന്നതും കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും.