ബസ് നിയന്ത്രണം വിട്ട് ആംബുലന്‍സിലും കണ്ടെയ്നര്‍ ലോറിയിലും ഇടിച്ചു
1458101
Tuesday, October 1, 2024 7:48 AM IST
കൊച്ചി: നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും തുടര്‍ന്ന് കണ്ടെയ്നര്‍ ലോറിയിലും ഇടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 6.20 ഓടെ വല്ലാര്‍പാടം ജംഗ്ഷനിലാണ് സംഭവം. അപകടത്തില്‍ ബസ് യാത്രികരായ 20 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തില്‍ ഓപ്പറേഷന് കഴിഞ്ഞു ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീ ആംബുലന്‍സില്‍ കുടുങ്ങി. ഫയര്‍ഫോഴ്സും മുളവുകാട് പോലീസും എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ബ്രേക്കിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളത്ത് നിന്നും ചാപ്പ കടപ്പുറത്തേക്ക് പോകുകയായിരുന്ന ചീനിക്കാസ് ബസാണ് അപകടത്തിൽ പെട്ടത്. വൈകീട്ട് 6.10 ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ബസ് ബോള്‍ഗാട്ടി വല്ലാര്‍പാടം പാലം ഇറങ്ങവേ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ആംബുലന്‍സിലും പിന്നീട് കണ്ടെയ്നര്‍ ലോറിയിലും ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. യാത്രികരുടെ തലയ്ക്കും മുഖത്തും സാരമായ പരിക്കുണ്ട്.
കാലിനു പരിക്കേറ്റ് ബസ് ഡ്രൈവര്‍ സൗത്ത് പുതുവൈപ്പ് തെക്കേപറമ്പില്‍ മിഥുന് മുരളി(28)യെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരായിരുന്ന അനൂപ് (33),രതീഷ് (42),ജഷ്മ ( 24),ജീവ(55),വിനു(45),മേരി മോനിഷ(37),ലിസി(47),രജിത(27),ലിജി(39),നിഷ(43),സ്നേഹലത(57),മേരി (56),രഹ് ന(44) തുടങ്ങിയവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലൂര്‍ദ് ആശുപത്രി, പെരുമ്പിള്ളി ക്രിസ്തു ജയന്തി ആശുപത്രി എന്നിവിടങ്ങളിലും ഏതാനും പേര് ചികിത്സ തേടി.