സ്നേഹസന്ദേശമോതി സർവമത സമ്മേളനം
1458096
Tuesday, October 1, 2024 7:48 AM IST
കോതമംഗലം: ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ 339-ാമത് കന്നി 20 പെരുന്നാളിന്റെ ഭാഗമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത സർവമത സമ്മേളനം നടത്തി. ചെറിയ പള്ളി മാർ ബേസിൽ കണ്വൻഷൻ സെന്ററിൽ ചേർന്ന സർവമത സമ്മേളനത്തിൽ ലോകത്തിലെ 15 രാജ്യങ്ങളിൽ നിന്നുള്ള വിവിധമത വിഭാഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
ചെങ്ങന്നൂർ ശ്രീനാരായണ വിശ്വധർമ മഠാധിപതി സ്വാമി ശിവ ബോധാനന്ദ ഉദ്ഘാടനം ചെയ്തു. സ്നേഹം എന്താണെന്ന് തിരിച്ചറിയുന്നവർക്ക് മാത്രമെ സഹജീവികളെ അറിയുവാനും സ്നേഹിക്കാനും കഴിയൂ. മതങ്ങളിലുള്ള വിശ്വാസം മാത്രമായാൽ പോരെന്നും പ്രവൃത്തിയും വാക്കും ദാനധർമങ്ങളും മുറുകെ പിടിച്ചു ജീവിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മതമൈത്രീ സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മോർ തെയോഫിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
വാരപ്പെട്ടി ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രം പ്രതിനിധി സ്വാമി ചിന്മയി സർവമത സന്ദേശം നൽകി. മിനാ മസ്ജിദ് ഇമാം ഷംസുദ്ദീൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. മാർതോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ആന്റണി ജോണ്, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, ജില്ലാ പഞ്ചായത്തംഗം കെ.കെ. ദാനി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മാമച്ചൻ ജോസഫ്, സിബി മാത്യു, മതമൈത്രി സംരക്ഷണ സമിതി കണ്വീനർ കെ.എ. നൗഷാദ്, സാംസ്കാരിക സാമൂഹൃ പ്രവർത്തകരായ പി.റ്റി. ബെന്നി, പി.കെ. മൊയ്തു, കൊല്ലം പണിക്കർ, സരിതാസ് നാരായണൻ നായർ, മൈതീൻ ഇഞ്ചക്കുടി, കെ.പി. ബാബു, സിന്ധു ഗണേഷ്, പി.എ.എം. ബഷീർ, നഗരസഭാംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ, ചെറിയ പള്ളി സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണൻചേരി, എബി ചേലാട്ട്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.