മൂവാറ്റുപുഴയിൽ പിടിമുറുക്കി മയക്കുമരുന്ന് മാഫിയ
1458094
Tuesday, October 1, 2024 7:48 AM IST
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. എക്സൈസ് സംവിധാനം നോക്കുകുത്തിയെന്ന് ആക്ഷേപം. മയക്കമരുന്ന് ഇടപാടിന്റെ ജില്ലയിലെ ഹബ്ബായി ഇതിനകം മൂവാറ്റുപുഴ മാറിയെന്നാണ് പരാതി. കാശ്മീരിൽ നിന്നടക്കം രാസലഹരി എത്തിച്ച വിൽപ്പന നടത്തുന്ന വിവരമടക്കം പുറത്തുവരുന്നു. പോലീസ്, എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ഇതുസംബന്ധിച്ച് സൂചന ലഭിച്ചെങ്കിലും കൃത്യമായി അന്വേഷണം നടത്താനോ മയക്കുമരുന്ന് മാഫിയയെ പിടികൂടാനോ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
നഗരത്തിലെ കീച്ചേരിപ്പടി, എവറസ്റ്റ് ജംഗ്ഷൻ, മാർക്കറ്റ് ബസ് സ്റ്റാൻഡ്, പെരുമറ്റം, കടക്കടാശേരി, കിഴക്കേക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് രാസലഹരി ഇടപാട് മുഖ്യമായി നടക്കുന്നതെന്ന് പറയുന്നു. നേരത്തെ പെരുമറ്റം കേന്ദ്രീകരിച്ച് വ്യാജ എംഡിഎംഎ നിർമിക്കുന്ന എക്സൈസിന്റെ ഇന്റലിജൻസ് വിംഗ് കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളിലേക്കെത്തിച്ചേർന്നെങ്കിലും ഇടപെടലുകളുണ്ടായതോടെ ഉദ്യോഗസ്ഥർ പത്തിമടക്കിയെന്നാണ് ആക്ഷേപം.
പരാതി വ്യാപകമാകുന്പോൾ സ്ഥിരം കഞ്ചാവിന് അടിമകളായിട്ടുള്ളവരുടെ പട്ടിക പരിശോധിച്ച് അവരിൽ ചിലരെ നാല് ഗ്രാം, അഞ്ച് ഗ്രാം കഞ്ചാവ് പൊതികളുമായി പിടികൂടി ലഹരിവേട്ട നടത്തുന്ന രീതിയാണ് എക്സൈസ് സംഘം സ്വീകരിക്കുന്നതെന്നാണ് മുഖ്യ പരാതി.