നാഷണൽഹൈവേ നവീകരണപ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നുവെന്ന് എംപി
1458091
Tuesday, October 1, 2024 7:48 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ് കോടി ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് ബെന്നി ബെഹനാൻ എംപി. ദേശീയപാതയിലെ പെരുവംമുഴി,തോന്നിക്ക, കോലഞ്ചേരി, ചൂണ്ടി, പുത്തൻകുരിശ്, മാമല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു എംപിയുടെ പ്രതികരണം. പൂർത്തീകരിക്കണ്ട പണിയുടെ 25 ശതമാനം പ്രവൃത്തികൾ മാത്രമാണ് ചെയ്തിരിക്കുന്നതെന്നും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടികൾ കൈകൊള്ളുമെന്നും എംപി പറഞ്ഞു. ഒട്ടും വൈകാതെ പ്രോജക്ട് എൻജിനീയറുടെ സാന്നിധ്യത്തിൽ വിപുലമായ യോഗം വിളിച്ച് ചേർക്കും.
മെല്ലെപ്പോക്കും നിർമാണ പ്രവർത്തനങ്ങളിലെ അപാകതയും പരിഹരിക്കുന്നതിന് നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി ബെന്നി ബെഹനാൻ എംപി കൂടിക്കാഴ്ച നടത്തി. വ്യാപാരികൾ, നാട്ടുകാർ, വാഹന യാത്രക്കാർ, പൊതു പ്രവർത്തകർ തുടങ്ങിയവർ റോഡുമായി ബന്ധപ്പെട്ട പരാതികളുമായി എംപിക്ക് മുന്നിൽ എത്തിയിരുന്നു.
റോഡിന്റെ വശങ്ങളിൽ വെട്ടിമാറ്റിയ പടുകൂറ്റൻ മരങ്ങളുടെ അവശിഷ്ടങ്ങൾ കിടക്കുന്നത് ഉടൻ തന്നെ നീക്കാനും അദ്ദേഹം നിർദേശിച്ചു. മരം മുറിച്ച് മാറ്റാനായി കഴിഞ്ഞ ദിവസം മണിക്കൂറോളം ദേശീയപാത അടച്ചിട്ടത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാഷണൽ ഹൈവേ പ്രോജക്ട് എൻജിനീയർ ജീവൻ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി. ജോയ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ജെയിംസ് പാറേക്കാട്ടിൽ, വി.എം. ജോർജ്, കെ.പി. സ്കറിയ, മനോജ് കാരക്കാട്, ശ്രീ വത്സലൻ പിള്ള, അരുൺ പാലിയത്ത്, ജോർജ് കെ. ജോൺ, പി.ഐ. ബാബു, സജി കെ.എ., കെ.വി. ജോർജ് തുടങ്ങിയവർ എംപിയോടൊപ്പമുണ്ടായിരുന്നു.