അങ്കമാലി-കുണ്ടന്നൂര്‍ ദേശീയപാത : ഭൂവുടമകളുടെ യോഗം ചേർന്നു
1454582
Friday, September 20, 2024 3:23 AM IST
പെരുമ്പാവൂര്‍: നിര്‍ദിഷ്ട അങ്കമാലി-കുണ്ടന്നൂര്‍ ദേശീയപാത ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന വാഴക്കുളം പഞ്ചായത്തിലെ 4,5,6,12 എന്നീ വാര്‍ഡുകളിലെ ഭൂവുടമകളുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. അബ്ദുല്‍അസീസ്, അംഗം ഫസീല ഷംനാദ്, സജി കുടിയിരിപ്പില്, ദിലീപ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
വീടുകള്‍ക്ക് കാലപഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നല്‍കുക, ഭൂമി ഏറ്റെടുത്ത ശേഷം ബാക്കി വരുന്ന ഉപയോഗശൂന്യമാകുന്ന സ്ഥലങ്ങള്‍ കൂടി ഏറ്റെടുക്കുക, ദേശീയപാത നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ വില ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കുന്നതിന് തീരുമാനിച്ചു.
ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കെ.എം. അബ്ദുല്‍അസീസ് (ചെയര്മാന്) വി.എം. ഷംനാദ് (കണ്‍വീനര്‍)എം.എസ്. നാസര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.