ഐഎസ്എല്‍: നഗരത്തില്‍ ഗതാഗത നിയന്ത്രണം
1453432
Sunday, September 15, 2024 3:42 AM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ നിന്നും ഫുട്ബോള്‍ മത്സരം കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന ഭാഗത്ത് പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം.
പറവൂര്‍, വരാപ്പുഴ ഭാഗങ്ങളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ ഇടപ്പളളി പളളിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയ ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം.
ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ കാണികളെ ഇറക്കി അപകടരഹിതമായും ഗതാഗതത്തിന് തടസമില്ലാത്ത രീതിയിലും ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വശങ്ങളില് പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം.
ആലപ്പുഴ അടക്കമുളള തെക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ വൈറ്റില പാര്‍ക്കിംഗ് ഏരിയകളിൽ പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും ഫുട്ബോള്‍ മത്സരം കാണുവാനായി വരുന്നവരുടെ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഇടണം. കാണികളുമായി എത്തുന്ന ഹെവി വെഹിക്കിള്‍സിന് സിറ്റിയുടെ അകത്തേക്ക് പ്രവേശനമുണ്ടാകില്ല.
വൈകിട്ട് അഞ്ചിന് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര തുടരണം.
വൈകിട്ട് അഞ്ചിന് ശേഷം ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട് പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്, എസ് എ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.