പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഓഫീസ് ഉദ്ഘാടനം
1452958
Friday, September 13, 2024 3:54 AM IST
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനവും ഓണാഘോഷവും നടത്തി. പൈനാപ്പിൾ മാർക്കറ്റിൽ മാത്യു കുഴൽനാടൻ എംഎൽഎ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ പ്രാദേശികമായ കർഷകരുടെ കൂട്ടായ്മകൾ വഴിയാണ് നടപ്പാക്കുന്നത്. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, സംസ്ഥാനതല ആർദ്ര കേരളം പദ്ധതിയിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല പഞ്ചായത്തിനു വേണ്ടി ഉല്ലാസ് തോമസ്, സംസ്ഥാനതല കാർഷിക പുരസ്കാരം നേടിയ വാഴക്കുളം കർമല ആശ്രമത്തിലെ ഫാ. ബിനോയി ചാത്തനാട്ട് എന്നിവരെ യോഗത്തിൽ ആദരിച്ചു. വിവിധ സാമൂഹ്യ സേവനങ്ങളുടെ അടിസ്ഥാനത്തിൽ ജോണി മെതിപ്പാറയേയും യോഗത്തിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഭവന പുനരുദ്ധാരണ ഫണ്ട് വിതരണവും മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഷെയർ സർട്ടിഫിക്കറ്റ് വിതരണവും വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ അരി വിതരണവും നിർവഹിച്ചു.
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട് രോഗികൾക്കുള്ള സഹായ വിതരണം നടത്തി.