ആദിവാസി കോളനിയിലേക്ക് കാരുണ്യ സ്പര്‍ശവുമായി വിദ്യാര്‍ഥികള്‍
1452938
Friday, September 13, 2024 3:36 AM IST
കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിലേക്ക് കാരുണ്യഹസ്തവുമായി കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തില്‍ ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തി.
ശുദ്ധജലം, ശുചിത്വം, സമ്പൂര്‍ണ ആരോഗ്യം എന്നീ ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് സ്കൂളിലെ 38 സെനറ്റ് അംഗങ്ങളും അധ്യാപകരും അടങ്ങുന്ന സംഘം അവിടെ എത്തിയത്. ഇതിന്റെ ഭാഗമായി കോളനിയിലുള്ള 85 കുടുംബങ്ങള്‍ക്ക് 85 കുടിവെള്ള സംഭരണികളും അരി, പഞ്ചസാര, പരിപ്പ്, പയര്‍ തുടങ്ങിയ പലവ്യഞ്ജന സാമഗ്രികള്‍ അടങ്ങിയ കിറ്റും ഓണത്തോടനുബന്ധിച്ച് കോളനി നിവാസികള്‍ക്ക് നല്കി.
പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി, പഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കൂളിന്റെ രജത ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപരിപാടികളുടെയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും ഭാഗമായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും ശുചിത്വാവബോധ ക്ലാസുകളും പല ഘട്ടങ്ങളിലായി പന്തപ്ര ആദിവാസി കോളനിയില്‍ നടത്തുമെന്ന് സ്കൂള്‍ ഡയറക്ടര്‍ ഫാ.വര്‍ഗീസ് പുതുശേരി അറിയിച്ചു.