മാസ്റ്റേഴ്സ് വോളിബോൾ ചാമ്പ്യൻഷിപ്; കസ്റ്റംസിൽനിന്നു മൂന്ന് താരങ്ങൾ
1452676
Thursday, September 12, 2024 3:49 AM IST
നെടുമ്പാശേരി: ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചി കസ്റ്റംസിൽനിന്നു മൂന്ന് താരങ്ങൾ. 45 വയസിന് മുകളിലുള്ളവരുടെ മത്സരത്തിലേക്കാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
നിരവധി രാജ്യാന്തര മത്സരങ്ങളിൽ കളിച്ചിട്ടുള്ള എസ്.എ. മധു, യൂസഫ് കെ. ഇബ്രാഹിം സംസ്ഥാന കായികതാരം കൂടിയായ പി.കെ. ജിതേഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കൂടാതെ മുൻ നേവി താരം സി.കെ. ഷാജു, കെഎസ്ഇബിയിലെ താഹ അഹമ്മദ്, ജാഫർ ഖാൻ, മിലിട്ടറി എൻജിനിയറിംഗ് ഗ്രൂപ്പിലെ എം.പോളി, റെഡ് ലാൻഡ് വോളിബോൾ അക്കാദമിയിലെ ജോപ്പി ജോർജ്, എൽഐസിയിലെ എം.ബി. അനിൽകുമാർ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഈ മാസം 14, 15 തീയതികളിലായി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്.
മുൻ വോളിബോൾ താരമായ ഷെഫീർ മതിലകമാണ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്ന സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി. ഇന്ത്യക്ക് പുറമേ പാകിസ്ഥാൻ, ഉക്രൈൻ, ഫിലിപെയ്ൻസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 12 പുരുഷ ടീമുകളു ടീമുകളും ആറ് വനിതാ ടീമുകളുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കാളികളാകുന്നത്. യുഎഇയുടെ വോളിബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര മാസ്റ്റേഴ്സ വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.