ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്
1452426
Wednesday, September 11, 2024 4:11 AM IST
വാഴക്കുളം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. മുതലക്കോടം പഴുക്കാക്കുളം പാലാക്കാരൻ ബിജു ചെറിയാനാ(57)ണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെ കദളിക്കാട് വിമല മാതാ പള്ളിയുടെ മുൻഭാഗത്ത് സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്.
പിരളിമറ്റം ഭാഗത്തു നിന്ന് വന്ന് സംസ്ഥാന പാതയിലേക്കു കയറുകയായിരുന്ന സ്കൂട്ടറും തൊടുപുഴ നിന്ന് തൃശൂർക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ബസിനടിയിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് ബിജുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.