അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മാണം :2025 ഏപ്രിലില്‍ ആരംഭിക്കും
1451954
Monday, September 9, 2024 7:48 AM IST
കൊച്ചി: അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് പദ്ധതിക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം 3എ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ 44.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണം നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) 2025 ഏപ്രിലില്‍ ആരംഭിക്കും.
ഇതിനകം ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. 2027 ഒക്ടോബറോടെ രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് എന്‍എച്ച്എഐ ലക്ഷ്യമിടുന്നത്.
17 വില്ലേജുകളിലായി 280 ഹെക്ടര്‍ ഏറ്റെടുക്കണം
ബൈപ്പാസ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 3എ വിജ്ഞാപനം കഴിഞ്ഞ മാസം 29ന് ആണ് പുറപ്പെടുവിച്ചത്. അങ്കമാലി, അറക്കപ്പടി, പട്ടിമറ്റം, വടവുകോട്, ഐക്കരനാട് നോര്‍ത്ത്, ഐക്കരനാട് സൗത്ത് എന്നിങ്ങനെ 17 വില്ലേജുകളിലായി ആകെ 280 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കല്‍ ചെലവ് ഏകദേശം 2000 കോടി രൂപയാണ്. ഇത് കേന്ദ്രം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാഥമിക കരാര്‍ പ്രകാരം ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം സംസ്ഥാനം പങ്കിടണം.
എന്നാല്‍ ഇതില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടുണ്ട്.
6000 കോടി രൂപ ചെലവില്‍ 44.7 കിലോമീറ്റര്‍ നീളുന്നതാണ് പുതിയ റോഡ്. കുണ്ടന്നൂര്‍ നെട്ടൂരില്‍ നിന്ന് ആരംഭിച്ച് പുത്തന്‍കുരിശ്, പട്ടിമറ്റം, കാഞ്ഞൂര്‍, മറ്റൂര്‍ വഴി അങ്കമാലി കരയാംപറമ്പിലെത്തുന്നതാണ് നിലവിലെ അലൈന്മെന്റ്. 45 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം.
അഞ്ചില്‍ താഴെ മാത്രം ഇടങ്ങളിലാകും റോഡിലേക്ക് പ്രവേശനം ഉണ്ടാകുക എന്നാണ് നിലവിലെ വിവരം. പുതിയ റോഡ് വരുന്നതോടെ വൈറ്റില, ഇടപ്പള്ളി, കളമശേരി, ആലുവ പ്രദേശങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാനാകും. ഇത് നഗരത്തിനുള്ളിലെ തിരക്ക് കുറയുന്നതിനും സഹായകമാകും.