ആലുവ നഗരസഭാ ശതാബ്ദി ആഘോഷ കമ്മിറ്റി: ഓംബുഡ്സ്മാനെ സമീപിച്ച് പ്രതിപക്ഷം
1451927
Monday, September 9, 2024 7:47 AM IST
ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചട്ടങ്ങൾ പാലിക്കാതെയുള്ള രൂപീകരണത്തേയും ഒന്നര വർഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാത്തതിനുമെതിരെ ബിജെപി ഓംബുഡ്സ്മാനെ സമീപിക്കുന്നു. ലക്ഷക്കണക്കിന് രൂപ പിരിച്ചതിന്റെ രേഖകളോ പ്രവർത്തനങ്ങൾ നടത്തിയ ഫയലുകളോ നഗരസഭയിൽ ലഭ്യമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
മുനിസിപ്പൽ ചെയർമാൻ എം.ഓ. ജോൺ ചെയർമാനായും ഇടതുപക്ഷ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന എം എൻ സത്യദേവൻ കൺവീനറായും രൂപീകരിച്ച ആഘോഷ കമ്മിറ്റിയ്ക്കെതിരെയാണ് ബിജെപി ഓംബുഡ്സ്മാനെ സമീപിക്കുന്നത്.
വിവരവകാശ പ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടിയായി കേരള മുനിസിപ്പൽ ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സെക്ഷനുകൾ പ്രകാരമല്ല കമ്മിറ്റി രൂപീകരണമെന്ന വിവരമാണ് ലഭിച്ചതെന്ന് ബിജെപി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ പറഞ്ഞു. 2021 സെപ്തംബർ മുതൽ 2022 ഡിസംബർ വരെയുള്ള കാലയളവിലാണ് ശതാബ്ദി ആഘോഷങ്ങൾ നടത്തിയത്.
ആഘോഷങ്ങളുടെ നടത്തിപ്പിലേക്കായി നിരവധി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം ശേഖരിച്ചിട്ടുണ്ട്. കൂടാതെ നിരവധി സ്പോൺസർഷിപ്പുകളും ലഭിച്ചിട്ടുണ്ട്. എല്ലാ ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.