മോട്ടോർ വാഹന വകുപ്പിന്റെ സബ് റീജണൽ ഓഫീസ് പ്രവർത്തനം താളം തെറ്റിയ നിലയിൽ
1430596
Friday, June 21, 2024 5:14 AM IST
കോലഞ്ചേരി: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിൽ വടയമ്പാത്തുമല വാർഡിൽ കോടികൾ മുടക്കി ആരംഭിച്ച മോട്ടോർ വാഹന വകുപ്പിന്റെ സബ്റീജണൽ ഓഫീസ് പ്രവർത്തനം താളം തെറ്റിയ നിലയിൽ. വി.പി. സജീന്ദ്രൻ എംഎൽഎ ആയിരുന്ന സമയത്താണ് മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ തൃപ്പൂണിത്തുറ സബ് റീജണൽ ഓഫീസ് അനുവദിച്ചത്.
കോടികൾ മുടക്കി നിർമാണ പ്രവർത്തനം നടത്തി ഉദ്ഘാടനം കഴിഞ്ഞ സബ് റീജണൽ ഓഫീസ് ഇതുവരെ പൂർണനിലയിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
പുറത്തുനിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു. നിർമാണ സമയത്തു തന്നെ അഴിമതി നടന്നതായി കോൺഗ്രസ് ആരോപിക്കുന്നു.
സ്ഥാപനം നശിക്കുന്നത് സർക്കാരിന്റെയും എംഎൽഎയുടെയും അനാസ്ഥയന്നും ചൂണ്ടികാട്ടി പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 ന് വരിക്കോലി മത്തോക്കിതാഴ്ത്തു നിന്നും എംവിഡി ഓഫീസിലേക്ക് മാർച്ച് നടത്തും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.