വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു
1430377
Thursday, June 20, 2024 4:51 AM IST
മൂവാറ്റുപുഴ : വായനാദിനാചരണത്തിന്റെ ഭാഗമായി എംടിയുടെ സിനിമകളും തിരക്കഥകളും എന്ന വിഷയത്തിൽ ചർച്ച നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റിൻ ചർച്ചയ്ക്ക് നേതൃത്വം നൽകി. പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സാറാമ്മ ജോണ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ബെസ്റ്റിൻ ചേറ്റൂർ, അംഗങ്ങളായ ഷിവാഗോ തോമസ്, രമ രാമകൃഷ്ണൻ, റിയാസ് ഖാൻ, ബിഡിഒ എം.ജി. രതി തുടങ്ങിയവർ പ്രസംഗിച്ചു.
കോതമംഗലം : വായനാദിനത്തിൽ വാരപ്പെട്ടി പഞ്ചായത്ത് വായന പക്ഷാചരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ, നായണർ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകൻ സതീഷ് ചേലാട്ട് പി.എൻ. പണിക്കണ്ടർ അനുസ്മരണം നടത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള വിമുക്തി പ്രഭാഷണം എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്. ഇബ്രാഹിം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, സ്ഥിരം സമിതി അധ്യക്ഷരായ എം.എസ്. ബെന്നി, കെ.എം. സെയ്ദ്, അംഗങ്ങളായ പി.പി. കുട്ടൻ, കെ.കെ. ഹുസൈൻ, ഷാജി ബെസി, പഞ്ചായത്ത് ലൈബ്രറി സമിതി പ്രസിഡന്റ് എ.ആർ. അനി, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, കൃഷി ഓഫീസർ സൗമ്യ സണ്ണി എന്നിവർ പ്രസംഗിച്ചു.
വാഴക്കുളം: ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്കൂളിൽ വായനാദിനം ആചരിച്ചു. പത്രപ്രവർത്തകൻ ജോയെൽ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പ്രീമ മാത്യു കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടികൾ തയാറാക്കിയ കൈയെഴുത്തു മാസികയുടെ പ്രകാശനം പിടിഎ പ്രസിഡന്റ് ജോമോൻ ജോസഫ് നിർവഹിച്ചു.
പി.എൻ. പണിക്കർ അനുസ്മരണം, വായനശാല ഉദ്ഘാടനം തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കണ്വീനർമാരായ ബിജി ചെറിയാൻ, കെ.എസ്. അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി.
പോത്താനിക്കാട്: പല്ലാരിമംഗലം ദേശീയ വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ വായന ദിനാചരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.എ. യൂസഫ് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ : ഗവ. ഈസ്റ്റ് ഹൈസ്കൂളിൽ വായന മാസാചരണം ആരംഭിച്ചു. കവയിത്രി സിന്ധു ഉല്ലാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക വി.വി. വിജയകുമാരി അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ ചാർജ് വഹിക്കുന്ന അധ്യാപിക കെ.എസ്. റഷീദ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ, സെമിനാറുകൾ പോസ്റ്റർ നിർമാണം, പത്രവായന മത്സരം തുടങ്ങിയവ വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടക്കും.
വാഴക്കുളം : കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ വായനദിനം സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
മലയാളം അധ്യാപകൻ ബിജു വായനദിന സന്ദേശം നൽകി. അധ്യാപകരായ സാജൻ സക്കറിയാസ്, സജി ചെറിയാൻ, ഷാജി തോമസ്, അഷ്ബിൻ മാത്യു, ജോഷി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. നീന ജോയി, സ്മിത ലിജു, ജോയമ്മ സെബാസ്റ്റ്യൻ, നൈസി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. പോസ്റ്റർ നിർമാണം, വായനാ കുറിപ്പ് തയാറാക്കൽ, കവിത ചൊല്ലൽ, ലൈബ്രറി സന്ദർശനം തുടങ്ങിയ വിവിധ പരിപാടികൾ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തും.
വാഴക്കുളം: കദളിക്കാട് വിമല മാതാ സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് സ്കൂൾ വായനാശാല ഉദ്ഘാടനം ചെയ്തു. വിമല മാതാ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ആന്റണി പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. പുതിയ പുസ്തകങ്ങൾ വിദ്യാർഥികൾ സ്കൂൾ വായനാശാലയ്ക്ക് കൈമാറി.
പോസ്റ്റർ രചനാ മത്സരം, പൊതു വിജ്ഞാനക്വിസ്, വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ സിനി പാറയ്ക്കൽ നേതൃത്വം നൽകി.
ഇലഞ്ഞി : സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ വായനവാരാഘോഷം വിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർമാൻ രാജു കുര്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. ജോണ് എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, അനു വിജയൻ, ബേസിൽ മനീഷ്, റീവ് ഏലിയാസ്, ആൽബ മാറി എന്നിവർ പ്രസംഗിച്ചു. വായന മത്സരത്തിൽ വിജയികളായ ബേസിൽ മനീഷ്, സാമുവൽ ഏലിയാസ്, ഇയോണ് ജോർജ് തോമസ് എന്നിവർക്ക് രാജു കുര്യൻ പുസ്തകങ്ങൾ സമ്മാനമായി നൽകി.
പായിപ്ര സർക്കാർ യുപി സ്കൂളിൽ പുസ്തക സഞ്ചി പദ്ധതി
മൂവാറ്റുപുഴ : ഒരു വർഷം നീണ്ടുനിൽക്കുന്ന വായനാ പരിപാടിയുടെ ഭാഗമായി പായിപ്ര സർക്കാർ യുപി സ്കൂളിൽ പുസ്തക സഞ്ചി പദ്ധതി, ക്ലാസ് റൂം ലൈബ്രറി, പുസ്തകാസ്വാദന സദസ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് നിർവഹിച്ചു. വാർഡംഗം ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു.
ബിപിസി ആനി ജോർജ് വായനാദിന സന്ദേശം നൽകി. പുസ്തക സഞ്ചി പദ്ധതിയിലൂടെ ഒഴിവു സമയങ്ങളിൽ കുട്ടി ലൈബ്രേറിയൻമാരുടെ നേതൃത്വത്തിൽ ക്ലാസുകളിലെത്തി പുസ്തകങ്ങൾ വിതരണം ചെയ്യും. വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പ് എഴുതൽ, വായനാ മത്സരം, ചിത്രീകരണം തുടങ്ങിയ വിവിധ വായനാ പ്രവർത്തനങ്ങൾ ക്ലാസ് മുറിയിൽ നടക്കും.