വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്
1430376
Thursday, June 20, 2024 4:51 AM IST
പിറവം: സ്കൂളിലേക്ക് വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തല കീഴായി മറിഞ്ഞ് ഏഴ് കുട്ടികളും ഓട്ടോ ഡ്രൈവറുമടക്കം എട്ട് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 9.30ഓടെ ഇല്ലിക്കമുക്കടയ്ക്കടുത്ത് ഇടിയറ കുരിശുപള്ളി പാടം റോഡിൽ സ്കൂളിന് സമീപത്തായിരുന്നു അപകടം. നാമക്കുഴി ഗവണ്മെന്റ് സ്കൂളിലേക്ക് വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോയാണ് മറിഞ്ഞത്.
വിദ്യാർഥികളായ ആഷ്ബേൽ സിജോ, ഇവാനിയോസ് സിജോ, വിനയ ബിനു, വിസ്മയ ബിനു, അക്സസ് സാം, ഹന്ന സാം, അനുഗ്രഹ സിജി എന്നിവർക്കും ഓട്ടോ ഡ്രൈവറായ ശ്രീധരനുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് എട്ടു പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചത്. കുട്ടികളെ ആദ്യം പിറവം താലൂക്ക് ആശുപത്രിയിലും തുടർന്ന് അഞ്ച് പേരെ പിറവം ജെഎംപി മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നല്കി വിട്ടയച്ചു.
കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് കിട്ടാത്തതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്.