കനത്ത കാറ്റിൽ നേന്ത്രവാഴകൾ നശിച്ചു
1539356
Friday, April 4, 2025 1:10 AM IST
ആലക്കോട്: വേനൽ മഴക്കൊപ്പമുണ്ടായ ചുഴലിക്കാറ്റ് പാത്തൻപാറ, നരയംങ്കല്ല്തട്ട് പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. വാഴ കർഷകർക്ക് ലക്ഷങ്ങളുടെ കൃഷിനാശമാണ് നേരിട്ടത്. വിളവെടുപ്പിന് പാകമായ ആയിരക്കണക്കിന് നേന്ത്രവാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. പാത്തൻപാറ-നരയംങ്കല്ല്തട്ടിലെ കുമ്പടിയാമാക്കൽ തങ്കച്ചന്റെ ആറ് ഏക്കർ സ്ഥലത്തെ 3500 വാഴകളാണ് കാറ്റിൽ നശിച്ചത്. അതിൽ 2500 വാഴകൾ കുലച്ചതാണ്. കല്ലറയ്ക്കൽ രാജൻ, മുതുപ്ലാക്കൽ ഷൈജു തുടങ്ങിയവർക്കും കനത്ത കൃഷിനാശം നേരിട്ടു.
അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിൽ വാഴകൾ നിലംപൊത്തിയത് കർഷകരെ കണ്ണീരിലാഴ്ത്തി.
ബാങ്കുകളിൽ നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് മിക്ക കർഷകരും വാഴക്കൃഷി നടത്തിയത്. വന്യമൃഗശല്യത്തിൽ നിന്നും സംരക്ഷിച്ച് നിർത്തിയ വാഴ പ്രകൃതി ക്ഷോഭം മൂലം നശിച്ചത് കർഷകർക്ക് തിരിച്ചടിയായി. കൃഷി നാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.