മുഴപ്പിലങ്ങാട് ബൈക്ക് നിർത്തിയിട്ട ലോറിയുടെ പിറകിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് പരിക്കേറ്റു
1539288
Thursday, April 3, 2025 10:05 PM IST
കണ്ണൂർ: മുഴപ്പിലങ്ങാട് ഗോഡൗണിനു സമീപം ദേശീയപാതയിൽ മോട്ടോർ സൈക്കിൾ നിർത്തിയിട്ട ലോറിയുടെ പിറകിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു.
കാപ്പാട് ചോയ്യാൻമുക്കിലെ ചെവിടൻചാൽ ഹൗസിൽ സി.സി. ജിതിൻ (ഉണ്ണി-38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ അമ്മയോടൊപ്പം തലശേരിയിലേക്ക് മോട്ടോർ സൈക്കിളിൽ പോകുന്നതിനിടയിൽ മുഴപ്പിലങ്ങാടായിരുന്നു അപകടം.
ജിതിൻ ഓടിച്ച ബൈക്ക് എതിർദിശയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ ജിതിനെയും അമ്മ സി.സി. അജിതയെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജിതിൻ വഴിമധ്യേ മരിച്ചു. ഇരു കൈകൾക്കും പരിക്കേറ്റ അജിത ആശുപത്രിയിൽ ചികിത്സയിലാണ്. എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഇന്നു രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് 12 മുതൽ ബന്ധുക്കൾക്ക് കാപ്പാട് ചോയിയാൻ മൂലയിലെ വീട്ടിൽ പൊതുദർശനത്തിനുവയ്ക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് പാലയാട് യൂണിവേഴ്സിറ്റി-അണ്ടല്ലൂർക്കാവ് റോഡിലുള്ള അച്ഛന്റെ തറവാട് വീടായ കിളയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും. ജിതിൻ അവിവാഹിതനാണ്. തോട്ടട റിനോൾട്ട് കാർ ഷോറൂമിലെ മാർക്കറ്റിംഗ് ജീവനക്കാരനാണ്. റിട്ട. എസ്ഐ പങ്കജാക്ഷൻ-സി.സി. അജിത ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിദിൻ (മലേഷ്യ), രാഹുൽ (ബംഗളൂരു).