ഓഡിറ്റ് റിപ്പോർട്ടിനു മേൽ സമഗ്ര അന്വേഷണം വേണം: കോൺഗ്രസ്
1539090
Thursday, April 3, 2025 2:02 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സ്കാനിംഗ്, ഓക്സിജന്റ് പ്ലാന്റ് സംവിധാനം എന്നിവയിൽ ഓഡിറ്റ് റിപ്പോർട്ടിൽ വൻക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 2019 മേയ് ഒന്നു മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ പദ്ധതികളുടെ മറവിൽ ഏറെ ക്രമക്കേടുകൾ നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്.
ക്രമക്കേടുകൾക്ക് പിന്നിലുള്ളവർ ആരൊക്കെയാണ്, ആരൊക്കെയാണ് വിഹിതം പറ്റിയത് എന്ന് കണ്ടെത്തി നടപടി വേണം. ജില്ലാ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങളുടെ മറവിൽ അഴിമതി വിരുദ്ധ പോരാളികളെന്ന് അവകാശപ്പെടുന്ന ജില്ലാ പഞ്ചായത്ത് നേതൃത്വം പകൽക്കൊള്ളയാണ് നടത്തുന്നത്. രോഗികൾക്ക് സംവിധാനങ്ങൾ ഒരുക്കുന്നതിന് പകരം അവരെ പിഴിഞ്ഞ് സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാടാണ് ജില്ലാ ആശുപത്രി അധികൃതരും ജില്ലാ പഞ്ചായത്തും ചെയ്യുന്നത്.
രേഖയിൽ ജനറേറ്റർ ഷെഡ് നിർമിച്ചതായി കാണിച്ച് ഷെഡ് നിർമിക്കാതെ ലക്ഷങ്ങൾ വെട്ടിപ്പ് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടിക്കാണിക്കുണ്ട്. ജില്ലാ ആശുപത്രിയുടെ മറവിൽ നടത്തിയ വെട്ടിപ്പുകളുടെ ചുരുക്കപട്ടികമാത്രമാണിതെന്നും ടി. ജയകൃഷ്ണൻ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൻമേൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്നും ടി. ജയകൃഷ്ണൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ചിറക്കൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിഹാസ് അത്തായക്കുന്നും പങ്കെടുത്തു.