"വീട്ടുമുറ്റത്ത് ഓട്ടോറിക്ഷയെങ്കിലും'; ആദ്യ ദിനം 50 വീടുകൾക്ക് റോഡായി
1538747
Wednesday, April 2, 2025 1:14 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് പരിധിയിൽ റോഡ് സൗകര്യമില്ലാത്ത വീടുകളിലേക്ക് വാഹനമെത്തിക്കാൻ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "വീട്ടുമുറ്റത്ത് ഓട്ടോറിക്ഷയെങ്കിലും' പദ്ധതിയിലേക്ക് ആവശ്യക്കാരെ കണ്ടെത്താൻ കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിൽ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയിൽ ലഭിച്ചത് 123 അപേക്ഷകൾ. കഴിഞ്ഞ ദിവസം ഇവ പരിഗണിക്കുകയും ചെയ്തു.
എണ്ണൂറോളം ഗുണഭോക്താക്കളാണ് പ്രശ്ന പരിഹാരത്തിനായി കാത്തിരിക്കുന്നത്. എന്നാൽ, ഏറ്റവും കൂടുതൽ ആളുകൾക്ക് ഗുണകരമാകുന്ന പൊന്നുംപറമ്പ്-പിസിഡിപി-അബ്ദുൾ ഖാദർ റോഡിൽ വർഷങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ആദ്യംതന്നെ പരിഹരിച്ചു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാവായ ചാക്കോ മുല്ലപ്പള്ളിയാണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ റോഡ് പഞ്ചായത്ത് അധികൃതരുടെ അഭ്യർഥന മാനിച്ച് പൊതുജനങ്ങൾക്കായി വിട്ടുനൽകാൻ തീരുമാനി ച്ചത്.
മൂന്ന് മീറ്റർ വീതിയിൽ 170 മീറ്റർ നീളമുള്ള റോഡാണ് പഞ്ചായത്ത് റോഡാക്കി മാറ്റാൻ അദ്ദേഹം കൈമാറിയത്. ഇതുവഴി പ്രദേശത്തെ അന്പതിലേറെ കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകളിലേക്ക് വാഹനയാത്രാ സൗകര്യ ലഭ്യമാകും.
മാത്രമല്ല പൊന്നുംപറമ്പിൽ നിന്ന് മാർക്കറ്റ്, മേഴ്സി ആശുപത്രി പരിസരം എന്നിവിടങ്ങളിലേക്കുമുള്ള റോഡുകൾ തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരു ക്കിനും ഒരു പരിധിവരെ പരിഹാരമാകും.
അപേക്ഷ ലഭിച്ചിട്ടുള്ള മുഴുവൻ പ്രദേശങ്ങളിലും പഞ്ചായത്ത് മെംബർമാരും പൗരപ്രമുഖരും പരിശോ ധന നടത്തി ജൂൺ മൂന്നിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതുവരെ അപേക്ഷ നല്കാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 10 വരെ അപേക്ഷ നൽകാൻ സമയം അനുവദിച്ചിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.
ആദ്യ ദിവസത്തെ പ്രശ്ന പരിഹാരത്തിന് അപേക്ഷകനായ കെ.പി. ഹസന്റെ വീട്ടിൽ നടന്ന ചർച്ചയിൽ പ്രസിഡന്റിനൊപ്പം വാർഡ് മെംബർമാരായ രജനി സുന്ദരൻ, എം.സി. നാരായണൻ എന്നിവരും പങ്കെടുത്തു.