ദുരൂഹസാഹചര്യത്തിൽ യുവാവ് തോട്ടിൽ മരിച്ചനിലയിൽ
1538681
Tuesday, April 1, 2025 10:22 PM IST
പഴയങ്ങാടി: മാട്ടൂൽ കക്കാടൻചാൽ അണക്കെട്ടിനു സമീപമുള്ള തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നേരത്തെ മത്സ്യത്തൊഴിലാളിയായിരുന്ന മാട്ടൂൽ കാവിലെപറമ്പ് സ്വദേശി പി.കെ. നൗഫലിനെ (35) ആണ് തോട്ടിൽ ഇന്നലെ രാവിലെ ഏഴോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും തിങ്കളാഴ്ച രാത്രി മദ്യപാനത്തോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കമാണു മരണത്തിനു കാരണമായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വീഴ്ചയിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പഴയങ്ങാടി എസ്എച്ച്ഒ എൻ.കെ. സത്യനാഥൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മാട്ടൂൽ നോർത്തിലെ എം.എം. മൊയ്തീൻ-സി.കെ. അസ്മ ദമ്പതികളുടെ മകനാണ് നൗഫൽ. ഭാര്യ: സാജിദ. മക്കൾ: സഹല, നിഹാല, 20 ദിവസം പ്രായമുള്ള പെൺകുട്ടിയുമുണ്ട്.സഹോദരങ്ങൾ: നവാസ്, റൗഫ്, നജീബ്, സമീറ, സാജിദ, റുബീന, ഷാമില.
പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മാട്ടൂൽ നോർത്ത് വേദാമ്പ്രം ജുമാ മസ്ജിദ് കബർസ്ഥാനത്തിൽ കബറടക്കി.