കീഴ്പള്ളി വട്ടപ്പറമ്പിൽ കാട്ടാന ആക്രമണത്തിൽ പശു ചത്തു
1539043
Thursday, April 3, 2025 12:02 AM IST
ഇരിട്ടി: കീഴ്പള്ളിക്കടുത്ത വട്ടപ്പറമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ കറവപ്പശു ചത്തു. തൈക്കൂട്ടം പുത്തൻപുരയിൽ പൗലോസിന്റെ പശുവാണ് ചത്തത്. ബുധനാഴ്ച രാവിലെ ഒന്പതോടെയായിരുന്നു സംഭവം. വട്ടപ്പറമ്പ് പുഴയുടെ തീരത്തെ തുരുത്തിൽ കെട്ടിയ പൗലോസിന്റെ മൂന്ന് പശുക്കളിൽ ഒന്നിനെയാണ് കാട്ടാന ആക്രമിച്ചത്.
മറ്റ് രണ്ടു പശുക്കളും കയർ പൊട്ടിച്ച് വീട്ടിലെത്തിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ഒരു പശുവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. പ്രതിദിനം 14 ലിറ്റർ പാൽ ലഭിക്കുന്ന പശുവിനെയാണ് ക്ഷീര കർഷകനായ പൗലോസിന് നഷ്ടപ്പെട്ടത്.
ആറളം കാർഷിക ഫാമിനോട് ചേർന്നുകിടക്കുന്ന തുരുത്തിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ കാട്ടാനയുടെ സ്ഥിര സാന്നിധ്യം ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നു.
പുനരധിവാസ മേഖലയിലും കാർഷിക ഫാമിലും ആന തുരത്തൽ പ്രവർത്തനം ബുധനാഴ്ച പുനരാരംഭിച്ചിരുന്നു. ഇതിനുമുമ്പാണ് പശുവിനെ കാട്ടാന ആക്രമിച്ചതെന്ന് സംശയിക്കുന്നു. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ തുരത്തി.
തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പശു ചത്തത് കാട്ടാന ആക്രമണത്തിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
എടൂരിൽ നിന്ന് വെറ്ററിനറി സർജൻ എത്തി പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം പശുവിനെ മറവ് ചെയ്തു.