മൂല്യനിർണയ ക്യാമ്പുകളിൽ പ്രതിഷേധിച്ച് ഹയർ സെക്കൻഡറി അധ്യാപകർ
1539365
Friday, April 4, 2025 1:10 AM IST
കണ്ണൂർ: ഹയർ സെക്കൻഡറി അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്എച്ച്എസ്ടിഎ) മൂല്യനിർണയ ക്യാന്പുകളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജോലി സുരക്ഷയ്ക്കും സർവീസ് കാര്യങ്ങൾക്കും പ്രതികൂലമായി ബാധിക്കുന്ന സ്കൂൾ ഏകീകരണ നടപടികൾ അവസാനിപ്പിക്കുക, ഹയർ സെക്കൻഡറി പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും വേതനം വർധിപ്പിക്കുക, തസ്തികകൾ വെട്ടിച്ചുരുക്കി അധ്യാപകരെ അശാസ്ത്രീയമായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മാർജിനൽ വർധനവ് അവസാനിപ്പിക്കുക, ഹയർ സെക്കൻഡറി ക്ലാസുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:40 ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ജില്ലയിലെ മൂല്യനിർണയ ക്യാമ്പുകളിൽ നടന്ന പ്രതിഷേധങ്ങൾക്ക് എം.എം. ബെന്നി, വി.വി. രതീഷ്, എസ്. അജിത്കുമാർ, എം. അജിത്ത്, എസ്.കെ. രാധാകൃഷ്ണൻ, ഇ.പി. അബ്ദുൾ ഗഫൂർ, പി.എസ്. സുമേഷ്, സി.വി.എൻ. യാസിറ, എ.കെ. ആനന്ദ്, റെനി എം. ജോസഫ്, ആർ. രാംശക്തി എന്നിവർ നേതൃത്വം നൽകി.