റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ റവന്യു ഉദ്യോഗസ്ഥർ മടിക്കുന്നതായി എഎപി കിസാൻ വിംഗ്
1539084
Thursday, April 3, 2025 2:02 AM IST
ചെമ്പന്തൊട്ടി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിൽ കൊക്കായി പാലത്തിന് സമീപം സ്വകാര്യ കൈയേറ്റം ഒഴിപ്പിക്കാൻ റവന്യു ഉദ്യോഗസ്ഥർ മടിക്കുന്നതായി ആം ആദ്മി പാർട്ടി കിസാൻവിംഗ് ആരോപിച്ചു. പാലത്തിന്റെയും തുടർന്നുള്ള റോഡിന്റെയും പ്രവൃത്തി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവ് തോമസ് കുര്യൻ കെആർഎഫ്ബി ഉദ്യാഗസ്ഥർക്ക് നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിൽ പ്രസ്തുത സ്ഥലത്തെ റോഡിന് മുമ്പ് 10 മീറ്റർ വീതിയുണ്ടായിരുന്നതായും പിന്നീട് സമീപത്തെ ഭൂവുടമകൾ കൈവശപ്പെടുത്തിയിട്ടുള്ളതായും രേഖാമൂലം വ്യക്തമാക്കിയിരുന്നു.
1984ൽ നടുവിൽ വില്ലേജ് അധികൃതർ നടത്തിയ റീസർവേയിൽ തർക്ക സ്ഥലത്ത് എഫ്എംബി പ്രകാരം 11.9 മീറ്റർ വീതിയിൽ റോഡ് നിലവിലുണ്ടായിരുന്നു. 1992 കൊക്കായി പാലം അന്നത്തെ നിശ്ചിത മാനദണ്ഡ പ്രകാരം എട്ടു മീറ്റർ വീതിയിൽ നിർമിക്കുകയും ബാക്കിയുണ്ടായിരുന്ന നാല് മീറ്റർ താത്കാലിക സമാന്തര റോഡിനായി ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, പാലം പണി പൂർത്തിയായ ശേഷം സമാന്തര റോഡിന്റെ സ്ഥലം മണ്ണിട്ട് നികത്തി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തുകയായിരുന്നു. സ്ഥലമളന്ന് തിട്ടപ്പെടുത്താൻ ജില്ലാ കളക്ടർ നൽകിയ നിർദേശപ്രകാരം താലൂക്ക് അസിസ്റ്റന്റ് സർവേയറെ തളിപ്പറമ്പ് തഹസിൽദാർ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ, അസിസ്റ്റന്റ് സർവേയർ ഭൂമി അളക്കാനോ പാലത്തിന് സമീപം കൈയേറ്റമുണ്ടോ എന്ന് കണ്ടെത്താനോ ശ്രമം നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്. റോഡ് വികസനം പൂർണനിലയിൽ നാടിന് ലഭ്യമാകണമെങ്കിൽ ഉദ്യോഗസ്ഥർ പക്ഷപാതരഹിതമായി പ്രവർത്തിക്കണമെന്നും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടേയും റോഡ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന ചിലരുടെയും മൗനം ആശങ്കയുണ്ടാക്കുന്നതായും എഎപി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് തോമസ് കുര്യൻ പത്രക്കുറിപ്പിൽ അറിയിച്ചു.