ജനസേവന കേന്ദ്രം പ്രവർത്തനം തുടങ്ങി
1539361
Friday, April 4, 2025 1:10 AM IST
ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധസേവന വിഭാഗമായ "യൂത്ത് കെയർ' ജനസേവന കേന്ദ്രം ആരംഭിച്ചു. യൂത്ത് കെയറിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി വിജിത് നീലഞ്ചേരി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഇന്ദിരാ ഭവനിലാണു "തണൽ' എന്ന പേരിൽ ജനസേവന കേന്ദ്രം ആരംഭിച്ചത്. വിവിധ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ലഭ്യമാകുന്ന ജനസേവന കേന്ദ്രം ഞായറാഴ്ചകൾ ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അറിയിച്ചു.
കംപ്യൂട്ടർ, സ്കാനിംഗ്, ഫോട്ടോസ്റ്റാറ്റ് മെഷീനുകൾ എന്നിവയുടെ സ്വിച്ച് ഓൺ കർമം കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ നിർവഹിച്ചു. യൂത്ത് കെയർ ചുമതലയുള്ള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആൽബിൻ അറയ്ക്കൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബിൻ വടക്കേക്കര, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ജെ. സ്റ്റീഫൻ, ടി.പി. അഷ്റഫ്, ജോബിൻ ജോസ്, ജിനീഷ് ചെമ്പേരി, മേഴ്സി ബൈജു, സിന്ധു ബെന്നി, ജയൻ നെടിയേങ്ങ, പി.പി. ഇസ്മായിൽ, അൻസിൽ വാഴപ്പള്ളിൽ, ശില്പ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.