പട്ടുവം അൻവർ വധം: പുതിയ സ്പെഷൽ പ്രോസിക്യൂട്ടർക്കായി മുഖ്യമന്ത്രിക്ക് നിവേദനം
1539371
Friday, April 4, 2025 1:10 AM IST
തളിപ്പറമ്പ്: പട്ടുവത്തെ അൻവർ വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തൃശൂർ ബാറിലെ അഡ്വ. എ. സുരേശനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അൻവറിന്റെ അമ്മ സഫിയ മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നൽകി. ഇക്കാര്യത്തിൽ നിയമോപദേശം തേടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി.
2011 ജൂലായ് അഞ്ചിനാണ് പട്ടുവം കാവുങ്കലിൽ യൂത്ത്ലീഗ് പ്രവർത്തകനായ അൻവർ കൊല ചെയ്യപ്പെടുന്നത്. സുഹൃത്തിനൊപ്പം ഒരു വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്ത് തിരിച്ചുവരവേയാണ് അൻവറിനെ വെട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ ജസീലിനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. സിപിഎമ്മുകാരായിരുന്നു കേസിലെ പ്രതികൾ.
പതിനാല് വർഷത്തിന് ശേഷം ജൂൺ 16 മുതൽ 10 ദിവസം കേസിന്റെ വിചാരണ നടത്താൻ തളിപ്പറമ്പ അഡീ. ഡിസ്ട്രിക്ട് ജില്ലാ കോടതി ജഡ്ജി കെ.എൻ പ്രശാന്ത് ഷെഡ്യൂൾ ചെയ്തിരുന്നു. ഇതിനിടയിൽ കേസിൽ നേരത്തെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ട കോഴിക്കോട് ബാറിലെ അഡ്വ. ഹരി തൽഥാനം രാജി വച്ചിരുന്നു. ഇതേത്തുടർന്നാണ് അൻവറിന്റെ മാതാവ് സഫിയ മുഖ്യമന്ത്രിക്ക് പുതിയ അപേക്ഷ നൽകിയത്.
സൗമ്യ വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി എ. സുരേശൻ ഹാജരായിട്ടുണ്ട്. ഈ കേസിൽ. ഗോവിന്ദചാമിയെ വിചാരണ കോടതി വധ ശിക്ഷക്ക് വിധിച്ചിരുന്നു. മേയ് 13ന് അൻവർ കേസ് അഡി. സ്പെഷൽ കോടതി പരിഗണിക്കുന്നുണ്ട്. അന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തലശേരി സെഷൻസ് കോടതി നേരത്തെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചതാണെങ്കിലും കേസ് തളിപ്പറമ്പിലേക്ക് മാറ്റിയതിനെ തുടർന്ന് അന്ന് വീണ്ടും കുറ്റപത്രം വായിച്ച് കേൾപ്പിക്കും.
അതേ സമയം ജൂൺ 16ന് മുമ്പ് സുരേശന്റെ നിയമനം നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അപേക്ഷ മടക്കിയാൽ അൻവറിന്റെ മാതാവിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഹൈക്കോടതിക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ അധികാരമില്ല. സർക്കാരിനോട് ശിപാർശ ചെയ്യാനെ പറ്റൂ. ഇത് വീണ്ടും കേസിന്റെ വിചാരണ നീളാൻ കാരണമാകുമെന്നാണ് കരുതുന്നത്.