ആറളം ഫാമിൽ അദാലത്ത്; 223 പരാതികൾ തീര്‍പ്പാക്കി
1538733
Wednesday, April 2, 2025 1:13 AM IST
ഇരിട്ടി: ആധികാരിക രേഖലകൾ ലഭ്യമാക്കാനും പരാതി പരിഹാരത്തിനുമായി ആറളത്ത് നടത്തിയ അദാലത്തിൽ ആകെ ലഭിച്ച 301 പരാതികളിൽ 223 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്വത്തിൽ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയുമായി ചേർന്ന് ആറളം ഫാം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ നടത്തിയ അദാലത്ത് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി.
പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനായി തദ്ദേശ സ്വയംഭരണം, റവന്യു, ഐടിഡിപി, കെഎസ്ഇബി, കെഡബ്ല്യുഎ, പോലീസ്, വനം, എക്സൈസ്, സിവില്‍ സപ്ലൈസ്, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഐടി, ഡിഎല്‍എസ്എ, പിഡബ്ല്യുഡി കെട്ടിടം, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ചാണ് അദാലത്ത് നടത്തിയത്.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, കണ്ണൂര്‍ റൂറല്‍ എസ്പി അനുജ് പലിവാൾ, തലശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ജില്ലാ സബ് ജഡ്ജിയും ഡിഎല്‍എസ്എ സെക്രട്ടറിയുമായ പി. മഞ്ജു, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി. പ്രസാദ്, വാര്‍ഡ് മെംബര്‍ മിനി ദിനേശന്, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.