വ്യാപാരി വ്യവസായി ലീഡേഴ്സ് മീറ്റും ധനസഹായ പദ്ധതികളുടെ വിതരണോദ്ഘാടനവും
1539359
Friday, April 4, 2025 1:10 AM IST
കണ്ണൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡേഴ്സ് മീറ്റും വിവിധ ധനസഹായ പദ്ധതികളുടെ വിതരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നികുതിഘടന പൊളിച്ചെഴുതി അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മമ്മദ് കോയ പറഞ്ഞു. കച്ചവടക്കാർക്ക് ആശ്വാസമാകുന്ന രീതിയിൽ വാടക നിയന്ത്രണ നിയമം നടപ്പിലാക്കാനും അനധികൃത വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിനും സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി. വിജയന് അധ്യക്ഷത വഹിച്ചു. പത്തുപേര്‍ക്ക് വ്യാപാരി മിത്ര മരണാനന്തര സഹായമായി 50 ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്തു. പ്രകൃതി ദുരന്തം മൂലമോ മറ്റോ അപ്രതീക്ഷിതമായി വ്യാപാര സ്ഥാപനങ്ങള്‍ക്കോ, കെട്ടിടങ്ങള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങള്ക്കിരയാവുന്ന വ്യാപാരികളെ സഹായിക്കാന്‍ ആരംഭിക്കുന്ന വ്യാപാരി സാന്ത്വന ട്രസ്റ്റ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നിര്‍വഹിച്ചു.
കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ രണ്ടു വ്യാപാരി മിത്ര അംഗങ്ങള്‍ക്കുള്ള രണ്ടുലക്ഷം രൂപ വീതം ചികിത്സാസഹായം സംസ്ഥാന ട്രഷറര്‍ വി. ഗോപിനാഥന് കൈമാറി. പി.എം സുഗുണന്, ഇ. സജീവന്, കെ. പങ്കജവല്ലി, ശോഭാ ബാലന്, പി. പ്രസന്നകുമാര്‍, എ.ടി പ്രസാദ് കുമാര്‍, പി.കെ. ഗോപാലന് എന്നിവർ പ്രസംഗിച്ചു.