യുഡിഎഫ് രാപ്പകൽ സമരം ഇന്ന്
1539363
Friday, April 4, 2025 1:10 AM IST
കണ്ണൂർ: യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണം ഇന്ന് ജില്ലയിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. കണ്ണൂർ കോർപറേഷൻ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിലും മറ്റു സ്ഥലങ്ങളിൽ അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും പ്രധാന കേന്ദ്രങ്ങളിലുമാണ് രാപ്പകൽ സമരം സംഘടിപ്പിച്ചിട്ടുള്ളത്. കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ രാവിലെ ഒന്പതു മുതലാണ് സമരം ആരംഭിക്കുക. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. രാത്രി ഒന്പതിന് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി തിരുത്തുക, അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾ അവസാനിപ്പിക്കുക, പ്രാദേശിക സർക്കാരുകളുടെ സ്വയം ഭരണ അധികാരം ഇല്ലാതാക്കുന്ന നടപടികൾ പിൻവലിക്കുക, ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, റബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, കർഷകരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.
അഴീക്കോട്, പയ്യന്നൂർ, മുണ്ടേരി കുടുക്കി മുട്ട, പാപ്പിനിശേരി, ചിറക്കൽ, കീഴല്ലൂർ, ചാലോട് ബസ് സ്റ്റാൻഡ്, പെരിങ്ങോം-വയക്കര, ചെറുപുഴ, ഉളിക്കൽ, ആലക്കോട് എന്നിവിടങ്ങളിലും, മറ്റുസ്ഥലങ്ങളിൽ അതാത് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരം വിവിധ കക്ഷി നേതാക്കൾ ഉദ്ഘാടനം ചെയ്യും.