സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി ഏരുവേശിയും
1539081
Thursday, April 3, 2025 2:02 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി പ്രഖ്യാപനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് മാത്യു ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ മികച്ച വീടായി തെരഞ്ഞെടുക്കപ്പെട്ട വീടിന്റെ ഉടമ തോമസ് വടക്കേമുറിയിലിന് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് മെമന്റോ നൽകി ആദരിച്ചു. മികച്ച പൊതുസ്ഥാപനമായി ഏരുവേശി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയും മികച്ച ഗ്രന്ഥാലയമായി ചുണ്ടക്കുന്ന് ജഞാനോദയ വായനശാലയെയും തെരഞ്ഞെടുത്തു.
ശുചിത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പ്രവർത്തനത്തിന് ആറാം വാർഡംഗം പി.വി.കമലാക്ഷി, മാലിന്യനിർമാർജന പ്രവർത്തന രംഗത്തെ മികവിനു പതിനാലാം വാർഡംഗം ജോയി ജോൺ, നൂറുശതമാനം നികുതി പിരിവ് ആദ്യം പൂർത്തിയാക്കിയ പന്ത്രണ്ടാം വാർഡംഗം ഷീജാ ഷിബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്തിലെ മുഴുവൻ ഹരിത കർമസേനാംഗങ്ങൾക്കും ആദരവ് നൽകി. സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ ഐക്കരക്കാനായിൽ, വാർഡ് അംഗങ്ങളായ ഏബ്രഹാം കാവനാടിയിൽ, ജയശ്രീ ശ്രീധരൻ, ജസ്റ്റിൻ സഖറിയാസ്, എം.ഡി. രാധാമണി, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ മായാദേവി, ഗ്രന്ഥശാലാ പ്രസിഡന്റ് ബാലകൃഷ്ണൻ, വിഇഒ ബിന്ദു, ക്ലാർക്ക് അമൽ ജോർജ് എന്നിവർ പ്രസംഗിച്ചു. മികച്ച ഗ്രന്ഥശാലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണവും ഘോഷയാത്രയും നടത്തി.