ഉണ്ണി കാനായിയുടെ കരവിരുതിൽ അബ്ദുൾ കലാമിന് പുനർജനി
1538742
Wednesday, April 2, 2025 1:13 AM IST
പയ്യന്നൂർ: നിരവധി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളുടെ ശില്പങ്ങൾക്ക് രൂപം നല്കിയ യുവശില്പി ഉണ്ണി കാനായിയുടെ കരവിരുതിൽ ഇന്ത്യൻ മിസൈൽമാൻ എന്ന് അറിയപ്പെടുന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ശില്പവും പൂർത്തിയാകുന്നു. തിരുവനന്തപുരം നഗരസഭ പരിധിയിലെ ഐഎസ്ആർഒ കവാടത്തിന് സമീപത്തെ അബ്ദുൾ കലാം പാർക്കിൽ സ്ഥാപിക്കാനാണ് ശില്പമൊരുങ്ങുന്നത്.
10 അടി ഉയരത്തിൽ ചെറു പുഞ്ചിരിയോടുകൂടി മുന്നിൽ കൈകൾകെട്ടി കോട്ടുമിട്ട് മുന്നോട്ട് നോക്കുന്ന രീതിയിലുള്ള ശില്പം തിരുവനന്തപുരം നഗരസഭയ്ക്കുവേണ്ടി വേണ്ടി മെറ്റൽ ഗ്ലാസിലാണ് നിർമിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കാനായിൽ നിർമിച്ചു കൊണ്ടിരുന്ന ശില്പം വിലയിരുത്താൻ തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, കൗൺസിലർ അജിത്ത് രവീന്ദ്രൻ എന്നിവർ എത്തിയിരുന്നു.
ഒരു മാസം മുമ്പ് കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിന് സമീപത്തെ ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവൻ കോമ്പൗണ്ടിലെത്തിച്ച ശേഷം നടത്തിയ അവസാന മിനുക്കുപണികളും ഉണ്ണി പൂർത്തീകരിച്ചു കഴിഞ്ഞു. അബ്ദുൾ കലാം ശില്പത്തിന്റെ അനാഛാദനം അടുത്താഴ്ച്ച നടത്താനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
ഇതിന് മുന്പ് തിരുവനന്തപുരം പട്ടത്ത് എകെജി, ഇന്ത്യൻ മിൽക്ക് മാൻ വർഗീസ് കുര്യൻ, മ്യൂസിയത്തിന് സമീപം ശ്രീനാരായണ ഗുരു, സി. അച്യുത മേനോൻ, വഞ്ചിയൂർ ജംഗ്ഷനിൽ ഇഎംഎസ്, എകെജി, കരകുളത്ത് കെ.പി. കരുണാകരൻ, സെൻട്രൽ ലൈബ്രറിയിൽ സി.വി. രാമൻപിള്ള എന്നീ ശില്പങ്ങൾ ഉണ്ണിയുടെ കരവിരുതിൽ ജന്മമെടുത്തതാണ്. ഗുരുവായൂരമ്പല കിഴക്കേ നടയിലെ 5000 കിലോ വെങ്കലത്തിൽ തീർത്ത മഞ്ജുളാൽ ഗരുഡ ശില്പം, അടുത്ത മാസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശിവ വെങ്കല ശില്പവും ഉണ്ണി കാനായിയാണ് നിർമിച്ചത്.