നവീൻ ബാബുവിനെതിരേ റിട്ട. അധ്യാപകൻ പരാതി നൽകിയെന്ന അവകാശവാദവും വ്യാജം
1538458
Tuesday, April 1, 2025 12:48 AM IST
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ കണ്ണൂർ വിജിലൻസിന് പരാതി നൽകിയെന്ന റിട്ട. അധ്യാപകന്റെ വാദവും വ്യാജം. സ്ഥലത്തെ മണ്ണ് നീക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ എഡിഎമ്മിൽനിന്ന് നീതി കിട്ടിയില്ലെന്ന് കാണിച്ച് വിജിലൻസ് യൂണിറ്റിന് പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു റിട്ട. അധ്യാപകൻ ഗംഗാധരൻ വെളിപ്പെടുത്തിയിരുന്നത്. ഈ അവകാശവാദമാണ് വിവരരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യാജമാണെന്ന് തെളിഞ്ഞത്.
പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂർ ജയ്സിംഗ് നൽകിയ അപേക്ഷയിലാണ് റിട്ട. അധ്യാപകന്റെ പരാതി വെളിപ്പെടുത്തൽ വ്യാജമാണെന്ന് വ്യക്തമായത്. മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ്പ് മെമ്മോയുമായി ബന്ധപ്പെട്ട് എഡിഎമ്മിനെ കണ്ടിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടില്ലെങ്കിലുംഇടപെടലിൽ തനിക്ക് അതൃപ്തി തോന്നി. ഇക്കാരണം ചൂണ്ടിക്കാട്ടി ആറു പേജുള്ള പരാതി വിജിലൻസ് കണ്ണൂർ യൂണിറ്റിൽ നൽകിയിട്ടുണ്ടെന്നായിരുന്നു ഗംഗാധരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
നവീൻ ബാബു എഡിഎം ആയി ജോലി ചെയ്ത വേളയിൽ ഇദ്ദേഹത്തിനെതിരെ പൊതുജനങ്ങളിൽനിന്ന് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ ? നവീൻ ബാബുവിനെതിരെ ഏതെങ്കിലും പരാതികൾ അന്വേഷിക്കാൻ സർക്കാർ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നീ കാര്യങ്ങളായിരുന്നു കുളത്തൂർ ജയ്സിംഗ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാൽ പൊതുജനങ്ങളിൽനിന്ന് ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും നവീൻ ബാബുവിനെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്താൻ സർക്കാർ നിർദേശം ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് നൽകിയ മറുപടി.
നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ പ്രതി ചേർത്തു പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി പി.പി. ദിവ്യ സമർപ്പിച്ച ഹർജിയിൽ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും ഇതു സംബന്ധിച്ച് ഗംഗാധരൻ പരാതി നൽകിയിട്ടുണ്ടെന്നും പരാമർശിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ലഭിച്ചതോടെ മുൻകൂർജാമ്യ ഹർജിയിൽ പി.പി. ദിവ്യ ചൂണ്ടിക്കാണിച്ച കാര്യം തെറ്റാണെന്നും തെളിഞ്ഞിരിക്കുകയാണ്.
കുറ്റപത്രത്തിന്റെ പകർപ്പിനായി ദിവ്യ
ഇന്ന് അപേക്ഷേ നൽകും
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാനായി ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഇന്നു കോടതിയിൽ അപേക്ഷ നൽകും. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ച ശേഷം ഇതു സംബന്ധിച്ച് പ്രതികരിക്കാമെന്ന് പി.പി. ദിവ്യ പറഞ്ഞു. അഡ്വ. കെ.വിശ്വൻ മുഖേനയാണ് കുറ്റപത്രത്തിന്റെ പകർപ്പിനായി അപേക്ഷിക്കുക.
കേസിലെ ഏക പ്രതിയാണ് പി.പി.ദിവ്യ. നവീൻ ബാബുവിന്റെ യാത്രയയപ്പ് വേളയിൽ ക്ഷണിക്കാതെ കടന്നുചെന്ന് നവീൻ ബാബുവിനെ സഹപ്രവർത്തകരുടെ മുന്നിൽ അധിക്ഷേപിച്ച് പ്രസംഗിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യം ദിവ്യ തന്നെ പ്രചരിപ്പിച്ചതിലുമുള്ള മനോവിഷമത്താലാണ് നവീൻ ബാബു ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയാണ് 187 പേജുള്ള കുറ്റപത്രവും 458 പേജുള്ള കേസ് ഡയറിയും കോടതിയിൽ സമർപ്പിച്ചത്.