കർഷകരോടുള്ള വനം വകുപ്പിന്റെ നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് നിയമശില്പശാല
1539042
Thursday, April 3, 2025 12:02 AM IST
കണ്ണൂർ: കർഷകരോടുള്ള വനം വകുപ്പിന്റെ നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് കർഷകസ്വരാജ് സത്യഗ്രഹ തയാറെടുപ്പിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച നിയമശില്പശാല അഭിപ്രായപ്പെട്ടു. നിലവിലുള്ള വനം - വന്യജീവി നിയമങ്ങളനുസരിച്ച് വന്യജീവി ആക്രമണങ്ങളെ നേരിടാനുള്ള സാധ്യതകളെപ്പോലും വനം വകുപ്പ് അവഗണിക്കുകയും കർഷകരുടെയും ആദിവാസികളുടെയും ജീവിതദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കുകയുമാണ്. കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽ യാഥാർഥ്യബോധത്തോടെയുള്ളതും വന്യജീവി മാനേജ്മെന്റ് എന്ന തത്വത്തെ മുൻനിർത്തിയുള്ളതുമായ ഭേദഗതികൾ വേണമെന്നും ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും കൂടി പങ്കാളിത്തമുള്ള പരിഹാര സംവിധാനങ്ങളുണ്ടാകണമെന്നും ശില്പശാലയിൽ ആവശ്യമുയർന്നു.
വന്യജീവി ശല്യമുൾപ്പെടെയുള്ള കാർഷിക വിഷയങ്ങളുന്നയിച്ച് തുടങ്ങാനിരിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് വനം-വന്യജീവി നിയമങ്ങളും ജനജീവിതവും എന്ന വിഷയത്തിൽ മഹാത്മമന്ദിരത്തിൽ ശില്പശാല നടത്തിയത്.
അഡ്വ. ജോൺ ജോസഫ് മോഡറേറ്ററായിരുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ കെ.വി. ബിജു, കൺവീനർ സണ്ണി പൈകട, സണ്ണി നെടുംതകടിയേൽ, കെ.ഇ.കരുണാകരൻ, ബേബി ചെമ്പരത്തി, സി.സുനിൽകുമാർ, പി.സി രഘുനാഥൻ, ജോയി കണ്ണഞ്ചിറ, ജിമ്മി ഇടപ്പടി എന്നിവർ പങ്കെടുത്തു.